മുന്‍ഭര്‍ത്താവിനെതിരേ വിവാഹ മോചന ശേഷവും പരാതിപ്പെടാം; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: വിവാഹം റദ്ദാക്കിയതിനു ശേഷവും സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം തന്റെ മുന്‍ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരേ പരാതി നല്‍കാമെന്നു സുപ്രിംകോടതി. വിവാഹബന്ധം നിലനില്‍ക്കാത്ത കാരണത്താല്‍ പീഡനത്തിനിരയായ സ്ത്രീക്ക് ആശ്വാസം നല്‍കുന്നതില്‍നിന്ന് കോടതിയെ ഒരുവിധത്തിലും തടയാന്‍ സാധിക്കില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഒരു വിവാഹതര്‍ക്ക കേസ് പരിഗണിക്കവേയാണ് രാജസ്ഥാന്‍ ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍ ബാനുമതി, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ കേസിലെ വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഇടപെടാന്‍ സാധിക്കില്ലെന്നു പറഞ്ഞത്. വിചാരണക്കിടയില്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവിനു വേണ്ടി ഹാജരായ അഭിഭാഷകനായ ദുഷ്യന്ത് പരാശര്‍ 2006 ഒക്ടോബര്‍ 26ന് പ്രാബല്യത്തില്‍ വന്ന ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം പൂര്‍വകാല അവലോകനത്തിനായി അതുപയോഗിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞു.
ഗാര്‍ഹിക പീഡനനിയമത്തിലെ വകുപ്പുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ അത് വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍, സുപ്രിംകോടതി ബെഞ്ച് ഈ വാദങ്ങളെ നിരാകരിക്കുകയും ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നതിനു വിസമ്മതിക്കുകയും ചെയ്തു. വിവാഹമോചനം നേടിയ ഭാര്യയുമായി തുടര്‍ന്നും ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും അവരുടെ ജോലിസ്ഥലത്ത് പ്രവേശിക്കുന്നതും അക്രമം കാണിക്കാന്‍ ശ്രമിക്കുന്നതും അതല്ലെങ്കില്‍ അവളുടെ ആശ്രിതരെ അക്രമിക്കല്‍ തുടങ്ങിയ പ്രവൃത്തികളില്‍ ഭര്‍ത്താവ് ഏര്‍പ്പെടുന്ന പക്ഷം ഗാര്‍ഹിക പീഡനനിയമത്തിന്‍ കീഴില്‍ സംരക്ഷണ ഉത്തരവാദിത്തങ്ങള്‍ തേടുന്നതില്‍ നിന്നു സ്ത്രീ ഒഴിവാക്കപ്പെടുന്നില്ലെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചത്.

RELATED STORIES

Share it
Top