മുന്‍ഗാമികളുടെ ത്യാഗസന്നദ്ധത മാതൃകയാക്കുക: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ചെര്‍പ്പുളശ്ശേരി: ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മുന്‍ഗാമികളുടെ ത്യാഗ സന്നദ്ധത മാതൃകയാക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ലീഡ് ടു ലീഡര്‍ഷിപ്പ് എന്ന പ്രമേയത്തില്‍ ചെര്‍പ്പുളശ്ശേരി അല്‍ഐന്‍ ഓഡിറ്റോറിയത്തില്‍ നടന്ന എസ്‌വൈഎസ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി അധ്യക്ഷനായി. ചിലര്‍ അങ്ങേയറ്റം അപകടകരമായ വാക്കുകളും ഭീഷണികളും കൊണ്ട് പ്രസംഗിച്ചാല്‍ നിയമപാലകര്‍ മൗനം പാലിക്കുമ്പോള്‍ അതേ കാര്യങ്ങള്‍ മറ്റൊരു വിഭാഗത്തിലെ ആളുകള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി ഒ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ദിശ പ്രത്യേക സപ്ലിമെന്റ് പ്രകാശനവും മുഖ്യപ്രഭാഷണവും സമസ്ത ട്രഷറര്‍ സി കെ എം സാദിക് മുസ്‌ല്യാര്‍ നിര്‍വഹിച്ചു.
മികച്ചമണ്ഡലത്തിനുള്ള ആനക്കര കോയക്കുട്ടി മുസ്‌ല്യാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പട്ടാമ്പി മണ്ഡലത്തിന് എം പി കുഞ്ഞുമുഹമ്മദ് മുസ്‌ല്യാരും മികച്ച പഞ്ചായത്ത് കമ്മിറ്റിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ തിരുവേഗപ്പുറ കമ്മിറ്റിക്ക് സയ്യിദ് പി ക ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാടും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എസ്ബിവി ജില്ലാസമ്മേളന പ്രഖ്യാപനം സയ്യിദ് കെ പി സി തങ്ങള്‍ വല്ലപ്പുഴ നടത്തി. സമസ്ത ജില്ലാപ്രസിഡന്റ് സയ്യിദ് കെ പി സി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി,  കുടക് എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍, കെ പി എ സമദ് മാസ്റ്റര്‍, ജില്ലാ വര്‍ക്കിങ് സെക്രട്ടറി ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം സംസാരിച്ചു.

RELATED STORIES

Share it
Top