മുന്‍ഗണന ലിസ്റ്റില്‍ വീണ്ടും അനര്‍ഹര്‍; തര്‍ക്കംമൂലം ഗ്രാമസഭ അലങ്കോലപ്പെട്ടുമണ്ണഞ്ചേരി: ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ച് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ മുന്‍ഗണന പട്ടികയുടെ അന്തിമലിസ്റ്റ് തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി വാര്‍ഡ് മെമ്പര്‍ വിളിച്ച് കൂട്ടിയ ഗ്രാമസഭ അലങ്കോലപ്പെട്ടു. അനര്‍ഹര്‍ ഉള്‍പ്പെട്ട ലിസ്റ്റാണ് വീണ്ടും അവതരിപ്പിക്കുന്നതെന്ന പരാതിയെ തുടര്‍ന്ന് തീര്‍പ്പുകല്‍പ്പിക്കാനാവാതെ സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റ് മടക്കി അയക്കാന്‍ തീരുമാനിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡില്‍ പൊന്നാട് എസ് എന്‍ ഡി പി 600-ാം നമ്പര്‍ ഹാളില്‍ ഇന്നലെ വൈകീട്ട് മൂന്നിനാണ് യോഗം വിളിച്ച് കൂട്ടിയത്. കഴിഞ്ഞ പ്രാവശ്യം പുറത്തിറക്കിയ കരട് ലിസ്റ്റില്‍ നിരവധി അനര്‍ഹര്‍ ഉള്‍പ്പെട്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ലിസ്റ്റില്‍ ഇടം പിടിക്കാത്തവര്‍ അര്‍ഹരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. അതനുസരിച്ച് ആയിരകണക്കിന് പേരാണ് പഞ്ചായത്ത്-വില്ലേജ്-സപ്ലൈ ഓഫിസുകളില്‍ അപേക്ഷ നല്‍കിയത്. അതില്‍ നിന്നു തിരഞ്ഞെടുത്തതിലും അപാകത ഉണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. പൊന്നാട് 161-ാം നമ്പര്‍ റേഷന്‍ കടയിലെ മുന്‍ഗണന ലിസ്റ്റാണ് ഇന്നലെ അന്തിമ തീര്‍പ്പ് കല്‍പ്പിക്കാനായി കൊണ്ടുവന്നത്. 235 പേരുടെ ലിസ്റ്റ് വായിച്ചതില്‍ നൂറിലേറെ പേരും അനര്‍ഹരാണെന്ന് കണ്ടെത്തി. പേര് വായിച്ച ഉടനെ തന്നെ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന വാദഗതി പങ്കെടുത്തവരില്‍ ഭൂരിപക്ഷംപേരും ഉന്നയിച്ചു. വാസയോഗ്യമായ വീടോ സ്വന്തമായി സ്ഥലമോ ഇല്ലാത്ത തൊഴിലുറപ്പ് ജോലികള്‍ ചെയ്ത് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ട് ഉപജീവനം കഴിക്കുന്ന നിരവധിപേര്‍ മുന്‍ഗണ ലിസ്റ്റില്‍ നിന്നും പുറത്തായി. പകരം വാസയോഗ്യമായ വീടും വാഹനങ്ങളും മറ്റു സൗകര്യങ്ങളുമുള്ള  ഒട്ടേറെ സമ്പന്നര്‍ ഇക്കുറിയും മുന്‍ഗണന ലിസ്റ്റില്‍ ഇടംപിടിച്ചു. ഇതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അഭാവത്തില്‍ വാര്‍ഡ് മെംബര്‍ പി എ സബീനയുടെ അധ്യക്ഷതയിലാണ് യോഗം വിളിച്ച് കൂട്ടിയത്. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എന്‍ എ അബൂബക്കറാശാന്‍, ഹെല്‍ത്ത് ഓഫീസര്‍ പൂഷാമ്മ എന്നിവര്‍ സംസാരിച്ചു. അനര്‍ഹര്‍ കടന്ന് കൂടിയതിനെ തുടര്‍ന്ന് മണ്ണഞ്ചേരി പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും മുന്‍ഗണന പട്ടിക തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

RELATED STORIES

Share it
Top