മുന്‍കരുതല്‍ നടപടികള്‍ കുറ്റമറ്റതാക്കണം

ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ആശങ്കാജനകമാംവിധം ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമായിക്കൊണ്ടിരിക്കുന്നതായാണ് വാര്‍ത്തകള്‍. കാല്‍നൂറ്റാണ്ടിനു ശേഷമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇത്രയധികം ഉയരുന്നത്. 2400 അടി എത്തുന്നതിനു മുമ്പുതന്നെ ഘട്ടംഘട്ടമായി ഷട്ടറുകള്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കു വിടാനാണ് ഉന്നതതല തീരുമാനം.
അണക്കെട്ട് തുറന്നുവിട്ടാല്‍ ഉണ്ടാകാവുന്ന ദുരന്തത്തിന്റെ ആഘാതവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും പരമാവധി കുറയ്ക്കാന്‍ വേണ്ട സുരക്ഷാ നടപടികള്‍ക്കാണ് അടിയന്തര മുന്‍ഗണന വേണ്ടത്. നിലവിലെ സര്‍വേ പ്രകാരം തന്നെ ഏകദേശം 4500 കെട്ടിടങ്ങളും 1000 വീടുകളും വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു.
മഴയും നീരൊഴുക്കും കുറഞ്ഞിട്ടും ജലനിരപ്പ് ഉയരുന്നതാണ് ആശങ്ക വിതയ്ക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കാലവിളംബമില്ലാതെ നല്‍കണം. അതേസമയം, ജനങ്ങളുടെ പരിഭ്രാന്തി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും പ്രസ്താവനകളും ഒഴിവാക്കുകയും വേണ്ടതുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ കഴിയുമ്പോഴേ ദുരന്തനിവാരണം ഫലപ്രദമായി നടപ്പാക്കാനാവൂ. സന്നദ്ധ സേവന സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും അതിജാഗ്രതയോടെ രംഗത്തു നിലയുറപ്പിക്കുകയും വേണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതാണ് കേരളത്തിനു ഭീതി സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകം. ശനിയാഴ്ച വരെ 135.95 അടിയായിരുന്നു ജലനിരപ്പ്. 142 അടി വരെയാണ് തമിഴ്‌നാടിന് അവകാശപ്പെടാവുന്ന സംഭരണ പരിധി. അതുവരെ കാത്തുനില്‍ക്കാതെ 140 അടി എത്തുമ്പോള്‍ തുറന്നുവിടാമെന്ന് തത്ത്വത്തില്‍ തമിഴ്‌നാട് അംഗീകരിച്ചിട്ടുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ ഇടപെടലിലെ പോരായ്മ കൊണ്ടോ തമിഴ്‌നാട് സര്‍ക്കാരിന്റെ വൈമുഖ്യം കൊണ്ടോ ഇക്കാര്യത്തില്‍ ആധികാരിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ല. സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള മേല്‍നോട്ട സമിതിയാണ് ഈ വിഷയത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടത്.
മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ദുരന്തങ്ങളെ കുറ്റമറ്റ സുരക്ഷാ നടപടികളും മുന്നൊരുക്കങ്ങളും കൊണ്ട് ഫലപ്രദമായി നേരിടാനാവും. പക്ഷേ, നാളിതുവരെയുള്ള നമ്മുടെ അനുഭവം ഇത്തരം ഘട്ടങ്ങളില്‍ പോലും 'സര്‍ക്കാര്‍കാര്യം മുറപോലെ' എന്നതാണ്. സമീപകാലത്ത് കേരളത്തെ കണ്ണീരണിയിച്ച ഓഖി ദുരന്തത്തിലും ഇപ്പോഴും ജനങ്ങള്‍ ദുരിതം തിന്നുകൊണ്ടിരിക്കുന്ന മഴക്കെടുതികളിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതതയാണു നാം കണ്ടത്. രാഷ്ട്രീയ ലക്ഷ്യത്തോടെ പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനുമല്ലാതെ ദുരന്തമുഖങ്ങളില്‍ ഒറ്റമനസ്സോടെ ജനങ്ങളെ അണിനിരത്താനുള്ള ആര്‍ജവവും ഇച്ഛാശക്തിയും ആദ്യം പ്രകടിപ്പിക്കേണ്ടത് സര്‍ക്കാരാണ് എന്ന പ്രാഥമിക ചുമതല മറന്നുപോവരുത്.

RELATED STORIES

Share it
Top