മുന്നൊരുക്കമില്ലാതെ റേഷന്‍ കാര്‍ഡ് ക്യാംപ്; നട്ടംതിരിഞ്ഞ് ജനം

പാലക്കാട്/കാളികാവ്: നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളില്‍ ക്യാംപ് സംഘടിപ്പിച്ചത് മുന്നൊരുക്കമില്ലാതെ. താലൂക്ക് സപ്ലൈ ഓഫിസില്‍ ഉണ്ടായേക്കാവുന്ന വന്‍ ജനത്തിരക്കും അനുബന്ധമായി സംഭവിക്കുന്ന ക്രമസമാധാന പ്രശ്‌നവും പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് അതത് പഞ്ചായത്തുകളില്‍ തന്നെ ക്യാംപ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ക്യാംപുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും നടത്തേണ്ടത് താലൂക്ക് സപ്ലൈ ഓഫിസറുടെ ചുമതലയാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്നലെ മുതല്‍ ക്യാംപ് സംഘടിപ്പിച്ച പല പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് ഇത് ഉപകാരപ്പെട്ടില്ല. പഞ്ചായത്തുകളുടെ സൗകര്യമോ അവര്‍ക്ക് സമയമോ നല്‍കാതെ പത്രവാര്‍ത്തകളില്‍ കൂടിയും സാമൂഹിക മാധ്യമങ്ങളില്‍ കൂടിയും പുതിയ കാര്‍ഡിന് അപേക്ഷ ക്ഷണിച്ച വാര്‍ത്ത സര്‍ക്കാര്‍ തന്നെ നല്‍കിയതോടെ വെട്ടിലായത് പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിയും വാര്‍ഡ് മെംബര്‍മാരുമാണ്. പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍, പേര് ചേര്‍ക്കല്‍, പേര് നീക്കം ചെയ്യല്‍, തെറ്റ് തിരുത്തല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍, നോണ്‍ റിന്യൂവല്‍, റീഡക്ഷന്‍, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. പുതിയ കാര്‍ഡിന് അപേക്ഷിക്കണമെങ്കില്‍ താമസ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വേണം.
ഇതു രണ്ടും നല്‍കേണ്ടത് പഞ്ചായത്തും വില്ലേജുമാണ്. ഇതാണെങ്കില്‍ ഒരു ദിവസം കൊണ്ട് കിട്ടുന്നതുമല്ല.  ഇത്തരം സര്‍ട്ടിഫിക്കറ്റുകളൊന്നും നേരത്തെ എടുത്തുവയ്ക്കാത്തവര്‍ക്ക് ക്യാംപ് ദിവസംതന്നെ കാര്‍ഡിന് അപേക്ഷിക്കാനുമാവില്ല. മാത്രവുമല്ല, പുതുതായി വീട് വച്ച് താമസം മാറ്റിയവര്‍ക്ക് നിലവിലെ റേഷന്‍ കാര്‍ഡില്‍ നിന്ന് ഒഴിവായി വേണം പുതിയ കാര്‍ഡിന് അപേക്ഷിക്കാന്‍. ഇതിന് പഴയ കാര്‍ഡിന്റെ ഉടമസ്ഥന്റെ സാക്ഷ്യപത്രം വേണം. സ്വന്തം താലൂക്കിന് പുറത്തുള്ളവരാണ് ഇങ്ങിനെ മാറിവരുന്നതെങ്കില്‍ ആ താലൂക്ക് സപ്ലൈ ഓഫിസറാണ് റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
ഫലത്തില്‍ അപേക്ഷകരും പഞ്ചായത്ത് ഉദ്യോഗസ്ഥരും നട്ടം തിരിയുമെന്നല്ലാതെ ക്യാംപ് ഗുണമുണ്ടാവില്ലെന്നാണ് ഇന്നലത്തെ പലരുടെയും അനുഭവം.  ചില പഞ്ചായത്തുകളാവട്ടെ ഇത്തരം പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ക്യാംപ് തുടങ്ങിയിട്ടുമില്ല. നേരത്തെ, പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍വഴിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇത് മാറ്റിയാണ് പഴയ രീതിയില്‍ തന്നെ അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ അക്ഷയ സംരംഭകര്‍ക്കും അമര്‍ഷമുണ്ട്.

RELATED STORIES

Share it
Top