മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ തുടരാന്‍ എല്‍ഡിഎഫ് തീരുമാനം

തിരുവനന്തപുരം: മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ തുടരാന്‍ എല്‍ഡിഎഫില്‍ ധാരണ. മുന്നണി പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള ഏതൊക്കെ പാര്‍ട്ടികളെ എല്‍ഡിഎഫില്‍ എടുക്കാമെന്ന കാര്യത്തില്‍ ഘടകകക്ഷികള്‍ അവരവരുടെ പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കും. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അടുത്ത യോഗത്തിനു മുമ്പ് അഭിപ്രായം അറിയിക്കാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്നണിയുമായി സഹകരിച്ചുനില്‍ക്കുന്നവരില്‍ ആരെയെല്ലാം ഘടകകക്ഷിയാക്കണമെന്ന് ഇതിനു ശേഷമാവും തീരുമാനിക്കുക. എല്‍ഡിഎഫ് യോഗം തീരുമാനിച്ച ശേഷം പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഓരോ പാര്‍ട്ടികളിലും ചര്‍ച്ച നടത്തുന്നതെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. നേരത്തേ കേരളാ കോണ്‍ഗ്രസ്-എമ്മിനെ മുന്നണിയിലെടുക്കാനുള്ള സിപിഎം നീക്കത്തിനെതിരേ സിപിഐ രംഗത്തെത്തിയിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ ഭിന്നത എല്‍ഡിഎഫിന്റെ നിലനില്‍പിനെത്തന്നെ ബാധിക്കുമെന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യം ഒഴിവാക്കാനാണ് സിപിഎം തന്നെ പുതിയ ഫോര്‍മുല മുന്നോട്ടുവച്ചതെന്നാണ് കരുതുന്നത്.
ലോക് താന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ്സിലെ രണ്ടു ഗ്രൂപ്പുകള്‍, ആര്‍എസ്പി ലെനിനിസ്റ്റ്, നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് തുടങ്ങിയവരാണ് മുന്നണിപ്രവേശനത്തിനായി കാത്തിരിക്കുന്നത്. കാല്‍നൂറ്റാണ്ടായി മുന്നണിയുമായി സഹകരിക്കുന്ന ഐഎന്‍എല്ലിന്റെ കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും അഭിപ്രായ സമന്വയത്തിലെത്തിയിട്ടുണ്ട്. എന്നാല്‍, ലോക് താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ്-ബി എന്നിവരെ മുന്നണിയിലെടുക്കുന്നതില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്.

RELATED STORIES

Share it
Top