മുന്നണി മാറിയാലും വല്യേട്ടന്‍ വിടുമോ?

നിരീക്ഷകന്‍
അടുത്ത വര്‍ഷം തുടക്കത്തിലാണ് രണ്ടു പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കോണ്‍ഗ്രസ്സുകള്‍ നടക്കുന്നത്. മൂന്നുവര്‍ഷം കൂടുമ്പോള്‍ പതിവുള്ളതാണ് ഈ സമ്മേളനങ്ങള്‍. സമ്മേളനങ്ങളില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയരേഖ തയ്യാറാക്കാനായി നേതാക്കള്‍ എകെജി ഭവനിലും അജോയ് ഭവനിലും അരയും തലയും മുറുക്കി രംഗത്തുണ്ട്.രണ്ടിടത്തും ഇപ്പോള്‍ കാണാന്‍ കഴിയുന്നത് കണ്‍ഫ്യൂഷനാണ്. സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ ഭിന്നതകള്‍ പരസ്യമായിത്തന്നെ മറനീക്കുകയുണ്ടായി. കഴിഞ്ഞ തവണ രാഷ്ട്രീയനയം തീരുമാനിക്കാനായി കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍ രണ്ടു ചേരിയായിത്തന്നെയാണ് പാര്‍ട്ടി പ്രത്യക്ഷപ്പെട്ടത്. ഒരൊറ്റ വോട്ടിനാണ് പ്രകാശ് കാരാട്ട്-പിണറായി സഖ്യത്തിന്റെ രാഷ്ട്രീയനയത്തിന് മേല്‍ക്കൈ നേടാനായത്. മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത് സീതാറാം യെച്ചൂരി-ബംഗാള്‍ സഖ്യമാണ്. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിഘടകം ബംഗാള്‍ ആയിരുന്നു. അവിടെ പതിറ്റാണ്ടുകള്‍ ഭരിച്ച പാരമ്പര്യവും പാര്‍ട്ടിക്കുണ്ട്. എന്നാല്‍, കുറച്ചു കാലമായി സ്ഥിതിഗതികള്‍ പരുങ്ങലിലാണ്. പിടിച്ചുനില്‍ക്കാന്‍ ആരെങ്കിലും ഒരു കൂട്ടുവേണം. മമതാജിയുടെ ആക്രമണം അതികഠിനമാണ്. കോണ്‍ഗ്രസ് പഴയ പടക്കുതിരയാണെങ്കിലും ഇന്ന് അവശനിലയിലാണ്. പിന്നെയുള്ളത് ബിജെപിയാണ്. തൊട്ടുകൂടാത്ത പാര്‍ട്ടിയാണ്. ഇടതുമുന്നണിയിലെ സിപിഐ, ആര്‍എസ്പി തുടങ്ങിയ കക്ഷികളുടെ നിലയും കഷ്ടത്തിലാണ്. അതിനാല്‍ കോണ്‍ഗ്രസ്സുമായി ഒരു കൈ സഹായം എന്ന നിലപാട് സ്വീകരിക്കണം എന്നാണ് ബംഗാള്‍ സഖാക്കള്‍ പറയുന്നത്. യെച്ചൂരി സഖാവിനും അതേ ലൈനിനോടാണ് താല്‍പര്യം. കാരാട്ടും പിണറായിയും പറയുന്നതു മറിച്ചാണ്. ഒരു കാരണവശാലും കോണ്‍ഗ്രസ്സിനെ തൊട്ടുകൂടാ. ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ ധാരാളം. കേരളത്തില്‍ ആ മുന്നണി പൊടിപാറി ഭരിച്ചുകൊണ്ടിരിക്കുകയാണ്. ബംഗാളികളും അതേ ലൈന്‍ സ്വീകരിച്ചാല്‍ മതി. കാര്യങ്ങള്‍ വൈകാതെ ശുഭമായിക്കൊള്ളും. ഇടതുമുന്നണിയിലെ സഖ്യകക്ഷിയായ ആര്‍എസ്പി കേരളത്തില്‍ യെച്ചൂരി ലൈന്‍ സ്വീകരിച്ച് എന്നോ കോണ്‍ഗ്രസ്സിന്റെ കൂടെ ചേര്‍ന്നുകഴിഞ്ഞു. ഫോര്‍വേഡ് ബ്ലോക്കും അങ്ങനെ തന്നെ. ജനതാദള്‍ ഒരുവിഭാഗം നേരത്തേ മുന്നണി വിട്ടു. ഇനി ബാക്കിയുള്ളത് സിപിഐ ആണ്. അവരെക്കൂടി ഇറക്കിവിടാനാണ് കേരള സഖാക്കള്‍ രാവും പകലും അധ്വാനിക്കുന്നത്. എന്നുവച്ചാല്‍ കാരാട്ട് ലൈനിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഇടതുപക്ഷത്തിന്റെ കാറ്റുപോയ മട്ടാണു കാണുന്നത്. 1980ല്‍ കേരളത്തില്‍ മുന്നണി ഉണ്ടാക്കുന്ന നേരത്ത് ഈ കക്ഷികളൊക്കെ കൂടെയുണ്ടായിരുന്നു. 30 കൊല്ലത്തിലേറെക്കാലം അവരൊക്കെ കൂടെ നില്‍ക്കുകയും ചെയ്തു. സഖാവ് പിണറായി വിജയന്‍ കേരളത്തില്‍ പാര്‍ട്ടിനേതൃത്വം ഏറ്റെടുത്ത ശേഷമാണ് ലൈന്‍ മാറിയത്. അന്നു മുതല്‍ മുന്നണിയില്‍നിന്ന് ഒഴിഞ്ഞുപോക്ക് ആരംഭിച്ചു. ഇനി പോവാനുള്ളത് സിപിഐ മാത്രമാണ്. എത്രനാള്‍ അവര്‍ കേരളത്തില്‍ മുന്നണിയില്‍ തുടരും എന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥയാണ്. ഇതേതരം കണ്‍ഫ്യൂഷന്‍ തന്നെയാണ് അജോയ് ഭവനില്‍ സഖാവ് സുധാകര്‍ റെഡ്ഡിയും നേരിടുന്നത്. ബംഗാള്‍ ലൈന്‍കൊണ്ടു മുന്നോട്ടു പോവാനാവില്ലെന്ന് സഖാവിനും അറിയാം. ആരെങ്കിലും കൂട്ടില്ലെങ്കില്‍ ഒറ്റയ്ക്കു നിന്ന് തല്ലുകൊള്ളാം എന്ന മെച്ചം മാത്രമാണ് ഉണ്ടാവുക. അതിനാല്‍ കൂട്ടുവേണം. കൂട്ടുകച്ചവടം നടക്കുന്ന കേരളത്തിലെ അവസ്ഥ പറയാതിരിക്കുകയാണു ഭേദം. ഇടതുപക്ഷ ജനാധിപത്യ മുന്നണി 37 വര്‍ഷം മുമ്പ് കെട്ടിപ്പടുക്കാനായി അവര്‍ വലിയ ത്യാഗം സഹിച്ചതാണ്. പതിറ്റാണ്ട് നീണ്ടുനിന്ന കോണ്‍ഗ്രസ് ബന്ധം അറുത്തെറിഞ്ഞ് അന്ന് മുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവന്‍ നായരെ രാജിവയ്പിച്ചാണ് ഇഎംഎസുമായി പുതിയ മുന്നണിയില്‍ കൈകോര്‍ത്തത്. 1967ല്‍ ഇതേ ഇഎംഎസുമായി ഒരു സപ്തകക്ഷി മുന്നണി ഉണ്ടാക്കിയിരുന്നു. പക്ഷേ, മുന്നണിയിലെ പാരവയ്പ് സഹിക്കാനാവാതെ ലീഗും കേരളാ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് കുറുമുന്നണിയുണ്ടാക്കി 69ല്‍ രാജിവച്ച് പിന്നീട് കോണ്‍ഗ്രസ്സുമായി ഐക്യമുണ്ടാക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ചരിത്രം കറങ്ങിത്തിരിഞ്ഞ് അങ്ങോട്ടാണു പോവുന്നത്. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടുക എന്നതു തന്നെ ലക്ഷ്യം. പക്ഷേ, സിപിഐയെക്കാള്‍ ഉല്‍സാഹം ഇക്കാര്യത്തില്‍ ബംഗാള്‍ സഖാക്കള്‍ക്കാണ്. ചുരുക്കത്തില്‍ പുതിയ മുന്നണിയില്‍ പോയാലും അവിടെ വല്യേട്ടന്റെ കൂട്ടരെ സഹിക്കേണ്ട അവസ്ഥയിലാവും സിപിഐ.                           ി

RELATED STORIES

Share it
Top