മുന്നണി ധാരണ : വൈക്കം നഗരസഭാ ചെയര്‍മാന്‍ പദവിയില്‍നിന്ന് അനില്‍ ബിശ്വാസ് ഇന്ന് സ്ഥാനമൊഴിയുംവൈക്കം: ഒന്നര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ നേതൃത്വത്തില്‍ നിന്ന് സിപിഐയുടെ നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഇന്ന് സ്ഥാനമൊഴിയും. മുന്നണി ധാരണ അനുസരിച്ചാണു ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവയ്ക്കുന്നത്. പകരം ഇന്ദിരാദേവി ചെയര്‍പേഴ്‌സനാവും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സുതാര്യമായും വേഗതയിലും പാലിക്കാനുള്ള പരിശ്രമത്തിലായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി. നിലച്ചുപോയ വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് പുനസ്ഥാപിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാന ജനകീയാവശ്യം. തടസങ്ങളെല്ലാം പരിഹരിച്ച് സമയബന്ധിതമായി ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചു. അത്യാധുനിക മള്‍ട്ടിപ്ലക്‌സ് എയര്‍ കണ്ടീഷന്‍ഡ് തിയറ്റര്‍ നിര്‍മിക്കുന്നതിനായി കേരളാ ചലച്ചിത്ര വികസന കോര്‍പറേഷനുമായി ധാരണയിലെത്തുകയും കായലോരബീച്ചിനു സമീപത്തായി 40 സെന്റ് സ്ഥലം തിയേറ്റര്‍ നിര്‍മിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ കോര്‍പറേഷനു കൈമാറുകയും ചെയ്തു. ഈവര്‍ഷാവസാനം നിര്‍മാണമാരംഭിക്കും. അടഞ്ഞുകിടന്ന നഗരസഭാവക ലോഡ്ജ് തുറന്നുപ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി കണക്ഷന്‍ ലഭിക്കാതിരുന്നതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതിരുന്ന ഗവ. താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പ്രവര്‍ത്തന യോഗ്യമാക്കി ലാബിന്റെ പ്രവര്‍ത്തനമാരംഭിച്ചു. നഗര ഹൃദയത്തിലൂടെ കടന്നുപോവുന്ന അന്ധകാരത്തോട് നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്നും അനില്‍ ബിശ്വാസ് പറഞ്ഞു. പിന്നിട്ട ഒന്നരവര്‍ഷക്കാലം വികസനവഴിയില്‍ പിന്തുണയും പ്രചോദനവും നല്‍കിയ മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് ചെയര്‍മാന്‍ നന്ദി രേഖപ്പെടുത്തി.

RELATED STORIES

Share it
Top