മുന്നണിമാറ്റം പ്രധാനചര്‍ച്ച; ജെഡിയു നേതൃയോഗം ഇന്നാരംഭിക്കും

തിരുവനന്തപുരം/കൊച്ചി: മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായിരിക്കെ നിര്‍ണായകമായ ജെഡിയു സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവച്ച ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. മുന്നണിമാറ്റം സംബന്ധിച്ച കാര്യങ്ങളാവും പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുക.
മുന്നണിമാറ്റം സംബന്ധിച്ച് രാഷ്ട്രീയ അനിശ്ചിതത്വം ഒഴിവാക്കുന്നതിനും പാര്‍ട്ടിയുടെ നിലനില്‍പ് സംബന്ധിച്ച കാര്യത്തിലും ഉചിതമായ തീരുമാനമെടുക്കാന്‍ കോഴിക്കോട് ചേര്‍ന്ന കഴിഞ്ഞ ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വീരേന്ദ്രകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയനേതാവ് ശരത്‌യാദവുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ വീരേന്ദ്രകുമാര്‍ റിപോര്‍ട്ട് ചെയ്യും. യുഡിഎഫ് വിടാന്‍ ഔദ്യോഗികമായി തീരുമാനിച്ചാല്‍ എല്‍ഡിഎഫുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ പിന്നാലെ ആരംഭിക്കും.
ഇന്നുരാവിലെ 10ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും സെക്രട്ടേറിയറ്റ് യോഗത്തില്‍ സംബന്ധിക്കും. വൈകീട്ട് മൂന്നിന് നിര്‍വാഹകസമിതി യോഗം ചേരും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാവും നിര്‍ണായക തീരുമാനുമുണ്ടാവുക. നയപരമായ കാര്യങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ എല്‍ഡിഎഫിനൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ സിപിഎമ്മുമായി അനൗദ്യോഗിക ചര്‍ച്ചകളും നടന്നുവരുകയാണ്. വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവില്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് പ്രധാന ആവശ്യം.
കൂടാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും ആവശ്യപ്പെടും. അതേസമയം, കെ പി മോഹനന്‍ ഉള്‍പ്പെടെ ഒരുവിഭാഗം മുന്നണി മാറ്റത്തെ അനുകൂലിക്കുന്നില്ല. ജെഡിഎസില്‍ ലയിക്കാതെയുള്ള മുന്നണി പ്രവേശനത്തില്‍ മറ്റ് ഘടകക്ഷികളുടെ നിലപാടും വ്യക്തമല്ല. മുന്നണി പ്രവേശനത്തില്‍ ഇത് നിര്‍ണായകമാവും. അതേസമം, യോഗത്തിനു മുന്നോടിയായി ജില്ലാ കമ്മിറ്റികള്‍ വെവ്വേറെ ഗ്രൂപ്പു യോഗങ്ങള്‍ ചേര്‍ന്നാതായാണ് വിവരം. ആറ് ജില്ലാ കമ്മിറ്റികള്‍ മൂന്നണി മാറണമെന്ന നിലപാടിലും ആറ് ജില്ലാ കമ്മിറ്റികള്‍ വേണ്ടെന്ന നിലപാടിലുമാണ് നില്‍ക്കുന്നതെന്നാണ് അറിയുന്നത്. വയനാട് എറണാകുളം കമ്മിറ്റികളില്‍ ഭിന്നതയുണ്ട്്.
മുന്നണി മാറുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. യുഡിഎഫ് വിടാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന വ്യക്തമായ സുചനയാണ് ഇവര്‍ നല്‍കുന്നത്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍ അതിനെ മറികടക്കാന്‍ ഇപ്പോള്‍ എല്‍ഡിഎഫില്‍ നിലകൊള്ളുന്ന ജനതാദള്‍(എസ്)ല്‍ ഉള്ള കെ കൃഷ്ണന്‍കുട്ടിയെയും സി കെ നാണുവിനെയും കൂടെ കൂട്ടാന്‍ വീരേന്ദ്രകുമാര്‍ ശ്രമം നടത്തുന്നുണ്ടെന്നും സൂചനയുണ്ട്്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ടിക്കുണ്ടായ സമ്പൂര്‍ണ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സാണെന്ന് വാദിക്കുന്ന വിഭാഗമാണ് മുന്നണി മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്.

RELATED STORIES

Share it
Top