മുനിസിപ്പല്‍ ബസ് സ്റ്റാന്റ് റോഡ് തകര്‍ച്ച: അധികൃതര്‍ക്ക് കുലുക്കമില്ല

പാലക്കാട്: നൂറുക്കണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന മുനിസിപ്പല്‍ ബസ്റ്റാന്റില്‍ കുഴുകള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും ഭരണകൂടമറിഞ്ഞ മട്ടില്ല. സ്റ്റാന്റിനകത്തേക്ക് പ്രവേശിക്കുന്നിടം മുതല്‍ ഇറങ്ങുന്നിടംവരെ ചെറുതും വലുതുമായ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുകാരണം വാഹനത്തിന്റെ ആക്‌സിലും യാത്രക്കാരന്റെ നടുവുമൊടിയുന്ന സ്ഥിതിയാണ്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച സ്റ്റാന്റു കെട്ടിടം പൊളിച്ചു പണിയുന്നത് കടലാസിലൊതുങ്ങിയിരിക്കുകയാണ്.
ഇതിനിടയിലാണ് സ്റ്റാന്റിനകത്തെ റോഡും തകര്‍ച്ചയിലായത്. ഇടക്കാലത്ത് കുഴികള്‍ അടച്ചെങ്കിലും നാളുകള്‍ കഴിഞ്ഞതോടെ വീണ്ടും പഴയപടിയായിരിക്കുകയാണ്.
ചെറിയ കുഴികള്‍ രൂപ്പെടുന്നതാണ് മഴപെയ്യുന്നതോടെ ഭീമന്‍ ഗര്‍ത്തങ്ങളായി മാറുന്നത്. രാത്രിയില്‍ യാത്രക്കാരും കുഴിയില്‍ വീഴുന്ന സ്ഥിതിയാണ്. സ്റ്റാന്റിനകത്തെ മുഴുവന്‍ പ്രതലവും പൊളിച്ച് റീടാറിങ് നടത്താത്തതാണ് ഇടയ്ക്കിടെ കുഴികള്‍ രൂപപ്പെടാന്‍ കാരണമാവുന്നത്.
ബസ്റ്റാന്റില്‍ മാത്രമല്ല താരേക്കാട്ടേക്കുള്ള റോഡില്‍ മേല്‍പാലത്തിനു താഴെയും കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. കെഎസ്ആര്‍ടിസി സ്റ്റാന്റിനകത്തെ സ്ഥിതിയും വ്യത്യസ്ഥമല്ല. പ്രതിമാസം ബസ്റ്റാന്റുകളില്‍ നിന്നും ലക്ഷങ്ങളാണ് നഗരസഭക്ക് വരുമാനമായി ലഭിക്കുന്നത്.

RELATED STORIES

Share it
Top