മുനാഫ് പട്ടേലിനെതിരേ വാതുവയ്പ് ആരോപണം


ന്യൂഡല്‍ഹി: 2011ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമംഗം മുനാഫ് പട്ടേലിനെതിരേ വാതുവയ്പാരോപണം. കഴിഞ്ഞ ജൂലൈയില്‍  ജയ്പൂരിലെ ലീഗ് ടൂര്‍ണമെന്റായ രാജ്പുത്താന പ്രീമിയര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ നടന്ന ഒത്തുകളിയെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു ഇന്ത്യന്‍ താരവും ഉള്‍പ്പെട്ട വിവരം പുറത്തായത്. ഇതിനെത്തുടര്‍ന്ന് താരത്തിനെതിരേ അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ഇതിന് തൊട്ടുപിന്നാലെ മുനാഫ്പട്ടേല്‍ ആരോപണം തള്ളി രംഗത്തെത്തി.  ഒത്തുകളി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ ബ്യൂറോ യൂനിറ്റ് കഴിഞ്ഞ വര്‍ഷം തന്നെ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു. പിന്നീട് ബിസിസിഐയുടെ പരാതിയില്‍ രാജസ്ഥാന്‍ പോലീസിന്റെ സിഐഡി വിഭാഗവും കേസ് വിശദമായി അന്വേഷിച്ചു. ക്ലബ് താരങ്ങള്‍ കളിച്ച ടൂര്‍ണമെന്റിലെ ഒത്തുകളിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ കുപ്പായം അണിഞ്ഞ ഒരു താരത്തിന് വ്യക്തമായ പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന. എന്നാല്‍ ഐപിഎല്ലിലും രാജ്യത്തിനും വേണ്ടി കളിച്ച ഒരു താരം ചെറിയൊരു ലീഗിലെ പൈസയ്ക്ക് വേണ്ടി ഒത്തുകളി നടത്തുമോ എന്ന ചോദ്യത്തോടെയാണ് മുനാഫ് പട്ടേല്‍ ഇതിനെ എതിര്‍ത്തത്.

RELATED STORIES

Share it
Top