മുത്വലാഖ്് നിരോധനബില്ല് സ്ത്രീവിരുദ്ധം: മുസ്‌ലിം ലീഗ്‌

കോഴിക്കോട്: മുത്വലാഖ് നിരോധനമെന്ന പേരില്‍ കേന്ദ്ര ഭരണകൂടം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി.
അനിവാര്യ ഘട്ടങ്ങളിലെ ത്വലാഖും മുത്വലാഖും ഒന്നാക്കാനും ക്രിമിനല്‍ നിയമത്തിലേക്ക് മാറ്റാനുമാണ് ശ്രമം. വിവാഹ മോചനത്തിന് ശേഷവും നിശ്ചിത കാലമെങ്കിലും സ്ത്രീ പുരുഷന്റെ സംരക്ഷണത്തിലാണ്. മുന്‍ ഭര്‍ത്താവിനെ ജയിലിലിടുമ്പോള്‍ ലക്ഷ്യം തന്നെ പാളിപ്പോകും. സിവില്‍ നിയമത്തെ ക്രിമിനല്‍ നിയമമാക്കുന്നതുള്‍പ്പെടെ മുന്‍ വിധിയോടെയുള്ള സമീപനം ദുഷ്ടലാക്കോടെയാണ്. ഇക്കാര്യത്തില്‍ ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന മുസ്്—ലിംലീഗ് ദേശീയ സെക്രട്ടേറിയറ്റ് വിശദമായ ചര്‍ച്ചകള്‍ നടത്തി മുന്നോട്ടു പോകുമെന്നും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും വക്താവുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും അറിയിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് രാജ്യത്ത് പുത്തനുണര്‍വ്വ് പകര്‍ന്നതായി പവര്‍ത്തക സമിതി വിലയിരുത്തി.ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശ വാസികള്‍ക്ക് ഉള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നോട്ടീസുപോലും നല്‍കാതെ ഗെയില്‍ അധികൃതര്‍ കടന്നു കയറി നിര്‍മ്മാണം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയും ജനങ്ങളെ വിശ്വാസത്തിലെടുത്തും മാത്രമെ ഗെയില്‍ ഉള്‍പ്പെടെ ഏതൊരു വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാവൂ. ജനങ്ങളെ ദ്രോഹിച്ചും അടിച്ചൊതുക്കിയും പദ്ധതികള്‍ നടപ്പാക്കുമെന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് സംസാരിച്ചു.

RELATED STORIES

Share it
Top