മുത്ത്വലാഖ് വേണ്ട; ഖാസിമാര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്കെ  എ  സലിം

ന്യൂഡല്‍ഹി: മുത്ത്വലാഖ് (മൂന്നു മൊഴിയും ഒരുമിച്ച് ചൊല്ലല്‍) മുഖേന വിവാഹമോചനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുസ്‌ലിം സമുദായത്തോട് അഭ്യര്‍ഥിക്കുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതേക്കുറിച്ച് വധൂവരന്‍മാര്‍ക്കു നിര്‍ദേശം നല്‍കാന്‍ ഖാസിമാരോട് ആവശ്യപ്പെടുമെന്നും വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുത്ത്വലാഖ് ഇല്ലാതാക്കാനായി വാര്‍ത്താമാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ഖാസിമാര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മുത്ത്വലാഖ് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മുമ്പാകെയാണ് ബോര്‍ഡ് 18 പേജുള്ള സത്യവാങ്മൂലം സമര്‍പിച്ചത്. സത്യവാങ്മൂലം ഭരണഘടനാ ബെഞ്ച് വിശദമായി പരിശോധിക്കും. നിക്കാഹ് സമയത്തു തന്നെ പെട്ടെന്നുള്ള വിവാഹമോചനവും മുത്ത്വലാഖും പാടില്ലെന്ന് നിക്കാഹ് കര്‍മത്തിനു നേതൃത്വം നല്‍കുന്നയാള്‍ ഓര്‍മിപ്പിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടും. ഒരൊറ്റ ഇരിപ്പില്‍ മൂന്നു മൊഴിയും ഒന്നിച്ചുചൊല്ലുന്നത് ഇസ്‌ലാമിക ശരീഅത്തില്‍ ഗുരുതരമായ തെറ്റാണ്. വൈവാഹിക ജീവിതത്തിനിടെ ഇണകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ഒരു കാരണവശാലും മൂന്നു മൊഴിയും ചൊല്ലരുത്. മുത്ത്വലാഖ് ഒഴിവാക്കുന്നതോടെ ചടങ്ങുകല്യാണവും (നിക്കാഹ് ഹലാല) ഇല്ലാതാക്കാനാവും. മുത്ത്വലാഖ്/പെട്ടെന്നുള്ള മൊഴിചൊല്ലല്‍ നടക്കുന്നില്ലെന്ന് ഖാസിമാര്‍ ഉറപ്പുവരുത്തണം. നിര്‍ദേശം ലംഘിച്ച് മുത്ത്വലാഖ് മുഖേന വിവാഹബന്ധം വേര്‍പെടുത്തുന്നവരെ മഹല്ലുകള്‍ ബഹിഷ്‌കരിക്കണം. മുത്ത്വലാഖ് പാപമാണെന്നും അതിനോടു യോജിക്കുന്നില്ലെന്നും വ്യക്തമാക്കിയ ബോര്‍ഡ്, എന്നാല്‍ അതു നിയമം മൂലം നിരോധിക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ആവര്‍ത്തിച്ചു.  മുത്ത്വലാഖ് വ്യക്തിനിയമത്തില്‍പ്പെട്ടതാകയാല്‍ അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ട. മുസ്‌ലിം സമുദായം സ്വന്തമായി അതിനെ തിരസ്‌കരിക്കാന്‍ തയ്യാറാണ്. ഈ സന്ദേശം എത്രയും വേഗം രാജ്യത്തുടനീളമുള്ള മുസ്‌ലിം വിഭാഗങ്ങളില്‍ എത്തിക്കും. മുസ്‌ലിംകളിലെ എല്ലാ വിഭാഗം ആളുകളെയും ഇതുസംബന്ധിച്ചു ബോധ്യപ്പെടുത്തും. മുസ്‌ലിം പ്രഭാഷകരും ഇമാമുമാരും ഇതുസംബന്ധിച്ച് അവബോധം ഉണ്ടാക്കണമെന്നും ബോര്‍ഡ് പറഞ്ഞു. കേസില്‍ വാദം നടക്കുന്നതിനിടെ, വിവാഹ ഉടമ്പടി സമയത്തുതന്നെ മുത്ത്വലാഖ് സ്വീകാര്യമല്ലെന്ന സ്ത്രീയുടെ അഭിപ്രായം രേഖപ്പെടുത്തണമെന്ന നിര്‍ദേശം ഖാസിമാര്‍ക്കു നല്‍കാന്‍ ബോര്‍ഡിന് സാധിക്കുമോ എന്നു സുപ്രിംകോടതി ആരാഞ്ഞിരുന്നു. ബോര്‍ഡിലെ അംഗങ്ങളുമായി സംസാരിച്ചശേഷം ഇതേക്കുറിച്ചു പ്രതികരിക്കാമെന്നായിരുന്നു ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നല്‍കിയ മറുപടി. ഭര്‍ത്താവില്‍ നിന്നു മുത്ത്വലാഖ് മുഖേന വിവാഹമോചനം വേണോ എന്നു വിവാഹസമയത്തു തന്നെ വധുവിന് തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കണമെന്ന് രാജ്യത്തെ എല്ലാ ഖാസിമാരോടും ആവശ്യപ്പെടാന്‍ തയ്യാറാണെന്ന് പിന്നീട് ബോര്‍ഡ് സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഖാസിമാര്‍ക്കു നിര്‍ദേശം പുറപ്പെടുവിക്കാമെന്നും എന്നാല്‍, ഭരണഘടനാ പദവിയില്ലാത്ത ഒരു സമിതി മാത്രമായതിനാല്‍ തങ്ങളുടെ നിര്‍ദേശം എത്രമാത്രം അനുസരിക്കപ്പെടുമെന്ന് പറയാനാവില്ലെന്നും ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡ് സത്യവാങ്മൂലം സമര്‍പിച്ചത്.ആറുദിവസം നീണ്ടുനിന്ന വാദപ്രതിവാദത്തിനൊടുവില്‍ കേസ് വിധിപറയാനായി മാറ്റിവച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top