മുത്ത്വലാഖ് വിശ്വാസത്തിന്റെ ഭാഗമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: മുത്ത്വലാഖ് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സുപ്രിംകോടതിയില്‍. മുത്ത്വലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ലെന്നും 1400 വര്‍ഷമായി തുടരുന്ന വിവാഹമോചന സമ്പ്രദായം എങ്ങനെ ഭരണഘടനാ വിരുദ്ധമാവുമെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു. മുത്ത്വലാഖ് വിഷയം പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെയായിരുന്നു പേഴ്‌സനല്‍ ലോ ബോര്‍ഡിന് വേണ്ടി സിബല്‍ നിലപാട് അറിയിച്ചത്. മുത്ത്വലാഖ് നല്ല ആചാരമാണെന്നു പറയാന്‍ സാധിക്കില്ല. മുത്ത്വലാഖില്‍ മാറ്റം വേണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളത്. എന്നാല്‍, ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.അയോധ്യാ വിഷയം വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ മുത്ത്വലാഖും വിശ്വാസത്തിന്റെ വിഷയമാണ്. രാമന്‍ അയോധ്യയില്‍ ജനിച്ചുവെന്നത് വിശ്വാസത്തിന്റെ വിഷയമാണ്. അതു ഭരണഘടനാപരമായ ധാര്‍മികതയുടെ വിഷയമല്ല. അതുപോലെയാണ് ഈ കേസും. മറ്റു മതവിഭാഗങ്ങളുടെ വിശ്വാസം ചോദ്യംചെയ്യപ്പെടാത്തിടത്തോളം മുസ്‌ലിംകളുടെ വിശ്വാസവും ഇഴകീറി പരിശോധിക്കാനാവില്ല. 637ാം ആണ്ട് മുതല്‍ തന്നെ മുത്ത്വലാഖ് നിലവിലുണ്ടായിരുന്നു. ഇത് ഇസ്‌ലാമികമല്ലെന്നു പറയാന്‍ നാം ആരാണ്. വ്യക്തിനിയമം ഭരണഘടനാപരമായി സംരക്ഷണമുള്ളതാണ്. ഖുര്‍ആന്‍ അടിസ്ഥാനത്തിലാണ് വ്യക്തിനിയമങ്ങള്‍ ഉണ്ടാക്കിയത്- കപില്‍ സിബല്‍ വ്യക്തമാക്കി. വ്യക്തിനിയമങ്ങള്‍ ഉണ്ടാവുന്നത് മതത്തില്‍നിന്നാണോ എന്ന സുപ്രിംകോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സിബല്‍ ഇക്കാര്യം വ്യക്തമാക്കിയത്.  മുത്ത്വലാഖ് നിരോധിക്കുകയാണെങ്കില്‍ മുസ്‌ലിംകളിലെ വിവാഹത്തിനും വിവാഹ മോചനത്തിനും കേന്ദ്രം പുതിയ നിയമം കൊണ്ടുവരുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെയും സിബല്‍ ചോദ്യം ചെയ്തു. പുതുതായി കൊണ്ടുവരുന്ന നിയമം പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ വിവാഹമോചനത്തിന് മുസ്‌ലിം പുരുഷന്‍മാര്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന കാരണം കൊണ്ട് ഒരു നിയമം നിരോധിക്കണമെന്ന് പറയാന്‍ നിങ്ങള്‍ക്കാവില്ലെന്നും സിബല്‍ പറഞ്ഞു. മുത്ത്വലാഖ് വിഷയം കോടതി പരിഗണിക്കേണ്ടെന്നാണോ താങ്കള്‍ പറയുന്നതെന്ന, കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍ നരിമാന്റെ ചോദ്യത്തിന്, അതെ എന്നായിരുന്നു സിബലിന്റെ മറുപടി.

RELATED STORIES

Share it
Top