മുത്ത്വലാഖ് വധശിക്ഷ പോലെയെന്ന് സുപ്രിംകോടതിസിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയിലെ വിവാഹമോചന സമ്പ്രദായമായ മുത്ത്വലാഖിനെ വധശിക്ഷയോട് ഉപമിച്ച് സുപ്രിംകോടതി. മുത്ത്വലാഖ് അങ്ങേയറ്റം വെറുക്കപ്പെട്ടതാണെന്നും ഇത് ഇപ്പോഴും തുടരുന്നുവെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ പറഞ്ഞു. മുത്ത്വലാഖ് സംബന്ധിച്ച കേസില്‍ ഇന്നലെ വാദംകേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. മുത്ത്വലാഖ് നിയമപരമാണെന്നും എന്നാല്‍, വളരെ ദുഷ്ടത നിറഞ്ഞ പാപമാണെന്നുമുള്ള കേസിലെ അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തോട് പ്രതികരിക്കവെയാണ് ചീഫ് ജസ്റ്റിസ് മുത്ത്വലാഖിനെ വധശിക്ഷയോട് ഉപമിച്ചത്. മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മോശവും അഭികാമ്യമല്ലാത്തതുമായ സമ്പ്രദായമാണ് മുത്ത്വലാഖ് എന്ന് കോടതി നിരീക്ഷിച്ചു. ഉഭയകക്ഷി സമ്മതത്തോടെയല്ല മുത്ത്വലാഖ് നടക്കുന്നതെന്നു പറഞ്ഞ കോടതി, അത് എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും വ്യക്തിനിയമപ്രകാരം നിലനില്‍ക്കുന്നതാണെന്നും  മുത്ത്വലാഖ് നിരോധിക്കുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ അപ്പോള്‍ പരിശോധിക്കാമെന്നും വ്യക്തമാക്കി.മതപരമായി വെറുക്കപ്പെട്ടതായി പരിഗണിക്കുന്ന ഒരു കാര്യം നിയമപരമായി സാധൂകരിക്കാനാവുമോ എന്നായിരുന്നു അമിക്കസ് ക്യൂറിയോട് കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ചോദ്യം. എന്നാല്‍, വധശിക്ഷ പാപമായി കാണുന്ന ആളുകളുണ്ടെന്നും അതേസമയം വധശിക്ഷ നിയമപരമാണെന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് തന്റെ വാദത്തിനിടെ നല്‍കിയ മറുപടി. മുത്ത്വലാഖ് പരമ്പരാഗതമായ ആചാരമാണോ അതോ, മുസ്‌ലിംകളുടെ മൗലികാവകാശമാണോ, ഇതൊരു ആചാരമാണോ അതോ, ഇസ്‌ലാമിക ശരീഅത്ത് നിയമമാണോ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. മുത്ത്വലാഖിന് ഇരകളായ മൂന്നു സ്ത്രീകള്‍ക്ക് വേണ്ടിയും ഫോറം ഫോര്‍ അവയര്‍നെസ് ഓഫ് നാഷനല്‍ സെക്യൂരിറ്റി എന്ന സന്നദ്ധ സംഘടനയ്ക്കു വേണ്ടിയും കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനിയും മുത്ത്വലാഖ് അങ്ങേയറ്റം വെറുക്കപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. മുത്ത്വലാഖ് സമ്പ്രദായം വിവാഹമോചനത്തിന് സ്ത്രീകള്‍ക്കു തുല്യാവകാശം നല്‍കാത്തതിനാല്‍ ലിംഗവിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. ഒരേ മതത്തില്‍പ്പെട്ട സ്ത്രീപുരുഷന്‍മാരുടെ വിവാഹത്തിന് ഒരു ഏകീകൃത നിയമം വേണമെന്നും ജത്മലാനി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top