മുത്ത്വലാഖ് ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടണം

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്ല് പാര്‍ലമെന്റിന്റെ സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് രാജ്യസഭയിലെ ബില്ലവതരണം തടസ്സപ്പെട്ടു. ഇന്നലെ മൂന്നുമണിയോടെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്ലവതരണം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാഗ്വാദവുമുണ്ടായി. ഒടുവില്‍ സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സഭ പിരിയുകയാണെന്ന് അറിയിക്കുകയായിരുന്നു. ബില്ല് ഇന്നു വീണ്ടും പരിഗണിക്കും. ഇന്നലെ രാജ്യസഭ ആരംഭിച്ച ഉടന്‍ തന്നെ, മഹാരാഷ്ട്രയിലെ ദലിത് വിരുദ്ധ കലാപത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി തവണ സഭ നിര്‍ത്തിവച്ചിരുന്നു. പിന്നീട് മൂന്നു മണിക്ക് സഭ ചേര്‍ന്നപ്പോള്‍ ബില്ല് പരിഗണിക്കണമെന്നും അല്ലാത്തപക്ഷം സഭ നിര്‍ത്തിവയ്ക്കാന്‍  ഉത്തരവിടേണ്ടിവരുമെന്നും ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ വ്യക്തമാക്കി. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍, മുത്ത്വലാഖ് ബില്ല് സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ എന്നിവരാണ് പ്രതിപക്ഷനിരയില്‍ നിന്ന് വിഷയം ഉന്നയിച്ചത്. ബില്ല് പാര്‍ലമെന്റിന്റെ സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍ജെഡി, മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെ ആനന്ദ് ശര്‍മ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍, ആറുമാസത്തിനുള്ളില്‍ മുത്ത്വലാഖ് നിയമമാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബില്ല് അവതരിപ്പിക്കുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഇനിയും സെലക്റ്റ് കമ്മിറ്റിക്ക് വിട്ടാല്‍ ബില്ല് പാസാക്കാന്‍  ആറുമാസം കൂടി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം, മന്ത്രി സംസാരിക്കുന്നത് ന്യൂനപക്ഷ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും ഭൂരിപക്ഷ ബെഞ്ച് വിഷയം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍, ലോക്‌സഭയില്‍ പാസാക്കിയ ബില്ല് രാജ്യസഭാ സെലക്റ്റ് കമ്മിറ്റിക്ക് വിടുന്നത് ചട്ടലംഘനമാണെന്ന വാദമാണ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉന്നയിച്ചത്. എന്നാല്‍, അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാടിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ ജെയ്റ്റ്‌ലിയുടെ പ്രസംഗം തടസ്സപ്പെട്ടു. ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടുമോ എന്നാണ് അറിയേണ്ടതെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. ഈ സഭയില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെ എവിടെ കേള്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും മുദ്രാവാക്യം ഉയര്‍ത്തിയതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി ഉപാധ്യക്ഷന്‍ അറിയിക്കുകയായിരുന്നു.

RELATED STORIES

Share it
Top