മുത്ത്വലാഖ് ബില്ല്: പരിഗണിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: മുത്ത്വലാഖ് സമ്പ്രദായത്തിലൂടെ വിവാഹമോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. എന്നാല്‍, ബില്ല് പരിഗണിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറി.
ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയ ബില്ല് ഇന്നലെ രാജ്യസഭയുടെ പരിഗണനയ്‌ക്കെടുത്തില്ല. ബില്ല് സഭയില്‍ ചര്‍ച്ചചെയ്യണമോ അതോ ബില്ലില്‍ ഭേദഗതി വരുത്തുന്നതിനായി സെലക്ട് കമ്മിറ്റിക്ക് വിടണമോ എന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി രാജ്യസഭയില്‍ നടന്ന ചര്‍ച്ച. ഇന്നലെ രാജ്യസഭയുടെ ശൂന്യവേള മുതല്‍ പ്രതിപക്ഷം ബില്ല് പരിഗണിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍, ഭരണപക്ഷം രാജ്യസഭയില്‍ ന്യൂനപക്ഷമായതിനാല്‍ ബില്ല് പാസാക്കാനാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പായതോടെ സഭയിലെ നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ തടിയൂരുകയായിരുന്നു.
കഴിഞ്ഞദിവസം പ്രതിപക്ഷത്തെ രണ്ട് അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതി പ്രമേയം സഭയില്‍ പാസായതും സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. ഇതോടെയാണ് ബില്ല് തല്‍ക്കാലം നടപ്പുസമ്മേളനത്തില്‍ പൂഴ്ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. പ്രതിപക്ഷത്ത് നിന്ന് കോണ്‍ഗ്രസ്സിലെ ആനന്ദ് ശര്‍മ്മയും തൃണമൂലിലെ സുകേന്ദു ശേഖര്‍ റോയിയുമാണ് ഭേദഗതി പ്രമേയം അവതരിപ്പിച്ചിരുന്നത്. ഭേദഗതി അവതരിപ്പിച്ചത് നിയമപ്രകാരമല്ലെന്നും അതിനാല്‍ അവ തള്ളണമെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ ആവശ്യം. എന്നാല്‍, ഭേദഗതികളും നിയമപരമാണെന്ന് സഭാധ്യക്ഷന്‍ വ്യക്തമാക്കി. ഇതോടെ, ഇക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നായി അരുണ്‍ ജെയ്റ്റ്‌ലി.
ഇതോടെ, ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ പാസാക്കാനാവില്ലെന്ന് ഉറപ്പായി. അതേസമയം ഇന്നലെ ബില്ലില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ ഇരുപക്ഷവും രൂക്ഷമായ വാക്കേറ്റവുമായി നടുത്തളത്തിലിറങ്ങിയതോടെ കൂടുതല്‍ നടപടിക്രമങ്ങളിലേക്ക് കടക്കാതെ സഭ പിരിയുകയായിരുന്നു.
സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന നിലപാടില്‍ ആദ്യഘട്ടത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷം ഇന്നലെ വൈകീട്ട് ഭേദഗതിയോടെ ബില്ല് അംഗീകരിക്കാമെന്ന നിലപാടിലെത്തി. മുത്ത്വലാഖ് കേസില്‍ പെട്ട് ഭര്‍ത്താവ് ജയിലിലാവുന്നതോടെ വിവാഹബന്ധം വേര്‍പെടുത്തപ്പെട്ട സ്ത്രീക്ക് സര്‍ക്കാര്‍ ജീവനാംശം നല്‍കണമെന്ന ഭേദഗതിയാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍ ഇതു കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഉത്തരവാദിത്തബോധമില്ലാതെ പെരുമാറുന്ന പ്രതിപക്ഷം ബില്ല് പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇങ്ങനെയുള്ളവര്‍ക്ക് സെലക്ട് കമ്മിറ്റിയില്‍ ഇടം നല്‍കാനാവില്ലെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാദിച്ചു. ഇതോടെ ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമായി. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സഭ പിരിച്ചുവിട്ടു.
ബില്ലിന്‍മേല്‍ ഇരുപക്ഷവും ചര്‍ച്ച നടത്തിയശേഷം സെലക്ട് കമ്മിറ്റി—ക്ക് വിടാമെന്നായിരുന്ന ധാരണയില്‍ ഭരണപക്ഷം രാവിലെയെത്തിയിരുന്നെങ്കിലും സഭ ബഹളത്തില്‍ മുങ്ങിയതോടെ ഇന്നത്തേക്കു പിരിയുകയായിരുന്നു.

RELATED STORIES

Share it
Top