മുത്ത്വലാഖ് ബില്ല് അവതരിപ്പിച്ചില്ല

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: മുത്ത്വലാഖ് ബില്ല് പാസാക്കാനാകാതെ പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാനിച്ചു. ബില്ല് ഇനി ജനുവരി 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിലായിരിക്കും രാജ്യസഭ പരിഗണിക്കുക. ഇന്നലെയും രാജ്യസഭാ നടപടികളില്‍ ബില്ല് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബില്ലില്‍ ഭേദഗതി വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ വിഷയം രാജ്യസഭയില്‍ ഉയര്‍ന്നില്ല. ബില്ല് സഭയുടെ പരിഗണനയ്ക്കു വന്നേക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സും ബിജെപിയും സഭയില്‍ ഹാജരുണ്ടാകണമെന്ന് തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പാസാകുമെന്ന ഉറപ്പില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഇന്നലെയും ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. മുത്ത്വലാഖ് ബില്ല് പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്കു വിടണമെന്ന നിലപാടില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതാണ് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ വെട്ടിലാക്കിയത്. ബില്ല് പാസാക്കുന്നതിനായി പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. സഭയില്‍ ബിജെപിക്കു ഭൂരിപക്ഷം ഇല്ലാത്തതും പ്രതിപക്ഷത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയാത്തതുമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ലോക്‌സഭയില്‍ കഴിഞ്ഞ ആഴ്ച ശബ്ദവോട്ടോടെ ബില്ല് പാസാക്കിയിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി ഉള്‍പ്പെടെ ഇതേ ആവശ്യത്തില്‍ ഉറച്ചുനിന്നു. തെലുഗുദേശം പാര്‍ട്ടിക്കു പുറമേ ബിജെപിയോട് ചേര്‍ന്നുനില്‍ക്കുന്ന എഐഎഡിഎംകെയും ബിജു ജനതാദളും ഇതേ ആവശ്യമാണ് സഭയില്‍ ഉന്നയിച്ചത്. മുത്ത്വലാഖ് സമ്പ്രദായം വഴി വിവാഹമോചനം നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം ജയില്‍ശിക്ഷ ലഭിക്കുന്നതാണ് മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ അവകാശ ബില്ല് 2017. മുത്ത്വലാഖ് ഭരണഘടനാവിരുദ്ധമാണെന്നു സുപ്രിംകോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, നിയമമായാല്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഒഴിവാക്കാന്‍ കഴിഞ്ഞ രണ്ടു ദിവസവും രാജ്യസഭയില്‍ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കാതെ സര്‍ക്കാര്‍ തടിയൂരുകയായിരുന്നു. അതേസമയം, കോണ്‍ഗ്രസ് ഭിന്നതയുടെ തന്ത്രമാണ് പയറ്റുന്നതെന്നും അവര്‍ക്ക് മുസ്‌ലിം വനിതകളെ സഹായിക്കണമെന്ന ഒരു താല്‍പര്യവുമില്ലെന്നുമാണ് ബിജെപി നേതാവും പാര്‍ലമെന്ററികാര്യ മന്ത്രിയുമായ അനന്ത് കുമാറിന്റെ അവകാശവാദം. മുത്ത്വലാഖ് ബില്ലില്‍ ഓര്‍ഡിനന്‍സ് ഇറക്കി നിയമമാക്കാനുള്ള സാധ്യത മന്ത്രി അനന്ത് കുമാര്‍ തള്ളി. ബജറ്റ് സമ്മേളനത്തിന്റെ തിയ്യതി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിനു പൊതുവികാരം മനസ്സിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ നിലപാട് പുനഃപരിശോധിച്ച് ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അനന്ത് കുമാര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top