മുത്ത്വലാഖ്: നിലപാട് മയപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: മുത്ത്വലാഖ് സമ്പ്രദായം വഴി വിവാഹമോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് രാജ്യസഭയില്‍ പാസാക്കാനാവാതെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചതിനു പിന്നാലെ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ബില്ല് സംബന്ധിച്ച കോണ്‍ഗ്രസ്സിന്റെയോ മറ്റു പാര്‍ട്ടികളുടെയോ ഭാഗത്തു നിന്നുള്ള ഉചിതവും നിര്‍മാണാത്മകവുമായ ഏത് നിര്‍ദേശവും പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. എന്നാല്‍, ബില്ലിന്റെ അന്തസ്സത്തയെ തകര്‍ക്കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാതെ പരിവര്‍ത്തനപരവും ചരിത്രപരവുമായ മാറ്റത്തിന് കാരണക്കാരിയാവാന്‍ സോണിയാഗാന്ധി തയ്യാറാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. സോണിയാഗാന്ധിക്ക് തന്റെ ഭര്‍ത്താവിന് വേണ്ടി പ്രായാശ്ചിത്തത്തിനുള്ള ഒരു അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുള്ള ന്യായമായ ഏതു നിര്‍ദേശവും തുറന്ന മനസ്സോടെ സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് സന്തോഷമാണ്. എന്നാല്‍, മുത്ത്വലാഖ് സമ്പ്രദായത്തിലൂടെയുള്ള വിവാഹ മോചനം ക്രിമിനല്‍ കുറ്റമാക്കരുതെന്നാണ് അവരുടെ നിര്‍ദേശമെങ്കില്‍ അത് സര്‍ക്കാരിന് സ്വീകാര്യമല്ല. ഷാബാനു മുതല്‍ ഷെയ്‌റാബാനു വരെ കുറെ വെള്ളം ഒഴുകിപ്പോയിട്ടുണ്ടെന്ന കാര്യം കോണ്‍ഗ്രസ് മനസ്സിലാക്കണം. 1986ല്‍ ഷാബാനു കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള ചരിത്രപരമായ അവസരമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാബാനു കേസില്‍ സുപ്രിംകോടതി വിധി തകിടംമറിച്ചത് രാജീവ് ഗാന്ധിയാണ്. അതിനാല്‍, പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണിതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

RELATED STORIES

Share it
Top