മുത്ത്വലാഖ് ക്രിമിനല്‍ കുറ്റം: ബില്ല് മന്ത്രിസഭ അംഗീകരിച്ചു

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: മുത്ത്വലാഖിലൂടെ വിവാഹമോചനം നടത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. മുത്ത്വലാഖ് സമ്പ്രദായത്തിലൂടെയുള്ള വിവാഹമോചനം സുപ്രിംകോടതി നിയമവിരുദ്ധമാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭ നിയമം കൊണ്ടുവന്നത്. ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്ത്വലാഖ് വഴി വിവാഹമോചനം നടത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴശിക്ഷയും കരടു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 1986ലെ മുസ്‌ലിം സ്ത്രീ (വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം) നിയമം ഭേദഗതി ചെയ്താണ് കരടു തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം മുത്ത്വലാഖ് മുഖേന മൊഴി ചൊല്ലപ്പെടുന്ന സ്ത്രീകള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ഭര്‍ത്താവില്‍ നിന്നു ജീവനാംശം ആവശ്യപ്പെടാനും സ്ത്രീക്ക് അവകാശമുണ്ട്. ജോലി ലഭ്യമായിട്ടില്ലാത്തവരോ പ്രായപൂര്‍ത്തി എത്താത്തവരോ ആയ മക്കളുണ്ടെങ്കില്‍ അവരുടെ ചെലവിലേക്കുള്ള തുകയും ഭര്‍ത്താവില്‍ നിന്ന് ആവശ്യപ്പെടാം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതിയാണ് കരടിന് രൂപം നല്‍കിയത്. ബില്ലിന്‍മേല്‍ നിലപാട് അറിയിക്കാനായി കരടുരൂപം സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. ബിജെപി അധികാരത്തിലുള്ള എട്ടു സംസ്ഥാനങ്ങളും ബില്ലിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top