മുത്ത്വലാഖ്: കേന്ദ്രം സിവില്‍ കേസിനെ ക്രിമിനല്‍ കേസാക്കി മാറ്റിയെന്ന് യെച്ചൂരി

മംഗളൂരു: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്ത്വലാഖ് ബില്ലിന് വ്യക്തതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദക്ഷിണ കന്നഡയിലെ മൂഡബിദ്രി സ്വരാജ് മൈതാനിയില്‍ സിപിഐ എം കര്‍ണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ നിയമങ്ങള്‍ അനുസരിച്ച് വ്യവഹരിക്കേണ്ട വിവാഹബന്ധത്തെയും വിവാഹമോചനത്തെയും ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പെടുത്തുകയാണ് കേന്ദ്രം ചെയ്തതെന്ന് യെച്ചൂരി പറഞ്ഞു.മുത്ത്വലാഖ് ശരിയാണെന്ന് സിപിഎമ്മിന് അഭിപ്രായമില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ചില പ്രശ്‌നങ്ങളുണ്ട്. വ്യക്തതയില്ലാത്ത ബില്ലാണ് കേന്ദ്രം കൊണ്ടുവന്നത്. മുത്ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ബില്ലില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. അതേസമയം തന്നെ പുരുഷന്‍ മൂന്ന് വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്നും അനുശാസിക്കുന്നു. അങ്ങനെയെങ്കില്‍ സ്ത്രീക്ക് ആരാണ് നഷ്ടപരിഹാരം നല്‍കുകയെന്ന് സീതാറാം യെച്ചൂരി ചോദിച്ചു. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരത്തില്‍ നിരവധി പൊരുത്തക്കേടുകളും പോരായ്മകളുമുള്ള ബില്ലാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നതെന്നും മുത്ത്വലാഖ് ബില്ലില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ചയാണ് മുത്ത്വലാഖ് സമ്പ്രദായം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയത്. ബില്ലിനോട് എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top