മുത്ത്വലാഖ് ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എസ്‌കെജെയു) സുപ്രിംകോടതിയെ സമീപിച്ചു.
നിയമത്തിനു മുമ്പില്‍ എല്ലാ പൗരന്‍മാരും തുല്യരാണെന്നു വ്യക്തമാക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 14, 21 (വ്യക്തിസ്വാതന്ത്ര്യം) വകുപ്പുകള്‍ക്ക് എതിരാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഭാര്യയെ വിവാഹമോചനംചെയ്യുന്നത് മുസ്‌ലിംകള്‍ക്കു മാത്രം ക്രിമിനല്‍ കുറ്റമാക്കിയത് വിവേചനമാണ്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ മുത്ത്വലാഖ് ചൊല്ലുന്ന “മുസ്‌ലിം ഭര്‍ത്താവ്’ എന്ന് വ്യക്തമാക്കുന്നതിലൂടെ ഇത് നടത്തുന്ന മറ്റു മതസ്ഥര്‍ ശിക്ഷിക്കപ്പെടില്ലെന്നു വ്യക്തമാണ്. ഒരുകുറ്റം പ്രത്യേക മതവിഭാഗക്കാര്‍ ചെയ്യുന്നത് മാത്രം കുറ്റമാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. ഓര്‍ഡിനന്‍സിലെ ചില വകുപ്പുകള്‍ സ്ത്രീകളുടെ വീട്ടുകാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. വിവാഹമോചിതയായ സ്ത്രീയുടെ അനുവാദം ഉണ്ടായാല്‍ മാത്രമേ ജാമ്യം ലഭിക്കൂവെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജിക്കാര്‍ വാദിച്ചു. ഭര്‍ത്താവിനെ തടവിലിട്ടതുകൊണ്ട് സ്ത്രീക്കു സുരക്ഷ ലഭിക്കില്ല- ഹരജിയില്‍ പറയുന്നു.
മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന വിധത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് ഹരജിക്കാരുടെ വാദം. അഭിഭാഷകനായ പി എസ് സുല്‍ഫിക്കര്‍ അലി മുഖേനയാണ് എസ്‌കെജെയു ഹരജി നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top