മുത്ത്വലാഖ് ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: ഡോ. അസ്മ സഹ്‌റ

ന്യൂഡല്‍ഹി: മുത്ത്വലാഖ് ക്രിമിനല്‍ക്കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹകസമിതിയംഗം ഡോ. അസ്മ സഹ്‌റ. ഇഷ്ടമുള്ള മതവിശ്വാസാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തത്ത്വങ്ങള്‍ക്കു വിരുദ്ധമാണ് സര്‍ക്കാരിന്റെ നടപടി. ബില്ല് പാര്‍ലമെന്റ് സമിതിക്കു മുമ്പാകെ വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവരുന്നതിനിടെ തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയത് ജനാധിപത്യവിരുദ്ധമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
മതനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമ്പോള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തേണ്ടതാണ്. എന്നാല്‍, മുത്ത്വലാഖുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഇറക്കും മുമ്പ് അത്തരം മര്യാദകള്‍ സര്‍ക്കാര്‍ കാണിച്ചില്ല. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്കുമേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റമാണിതെന്നും അസ്മ സഹ്‌റ മാധ്യമങ്ങളോടു പറഞ്ഞു.
മുത്ത്വലാഖ് മുഖേന ഭാര്യയെ മൊഴിചൊല്ലുന്ന പുരുഷനെ ജയിലിലടയ്ക്കുന്നത് മനുഷ്യാവകാശലംഘനമാണ്. കുടുംബനാഥന്‍ മൂന്നുവര്‍ഷം ജയിലില്‍ കിടക്കുന്നത് കുടുംബത്തിന്റെ വരുമാനത്തെയും കുടുംബഘടനയെയും ബാധിക്കും. തൊഴിലില്ലായ്മ, തകര്‍ന്ന സാമ്പത്തികരംഗം തുടങ്ങിയ വിഷയങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കുകയാണ് സര്‍ക്കാരിന്റെ ഒരുലക്ഷ്യം. ഹൈന്ദവവോട്ടുകള്‍ ഏകീകരിക്കുക, സ്ത്രീ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ആളാണെന്ന തെറ്റിദ്ധാരണ പരത്തുക എന്നീ അജണ്ടകളും ഓര്‍ഡിനന്‍സിനു പിന്നിലുണ്ടെന്ന് ഡോ. അസ്മ പറഞ്ഞു.

RELATED STORIES

Share it
Top