മുത്ത്വലാഖ് ഓര്‍ഡിനന്‍സ്എതിര്‍പ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: മുത്ത്വലാഖ് ഓര്‍ഡിനന്‍സിനെ തള്ളി സിപിഎം. ഓര്‍ഡിനന്‍സ് അനാവശ്യമാണെന്നും ഓര്‍ഡിനന്‍സിനു പിന്നില്‍ മു—സ്‌ലിം സ്ത്രീകളുടെ ക്ഷേമം എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആണെന്നും സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ലോക്‌സഭ പാസാക്കുകയും രാജ്യസഭയുടെ പരിഗണനയിലിരിക്കുകയും ചെയ്ത ബില്ലാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് ആയി ഇറങ്ങിയിരിക്കുന്നത്. പാര്‍ലമെന്റ് സമിതിക്കു മുമ്പാകെ ബില്ല് വിടണോ എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറങ്ങിയത് ജനാധിപത്യവിരുദ്ധമാണ്. മുത്ത്വലാഖ് മുഖേന ഭാര്യയെ വിവാഹമോചനം ചെയ്യുന്ന പുരുഷനെ ശിക്ഷിക്കുന്നതുകൊണ്ട് ഇരകളായ സ്ത്രീകള്‍ക്കു സഹായം ലഭിക്കുന്നില്ല.
ഭേദഗതികളോടെ പുതിയ നിയമനിര്‍മാണം പാര്‍ലമെന്റ് നടത്തണം. പോരായ്മകള്‍ പരിഹരിക്കണം. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് ബില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.
എന്‍ഡിഎ മുന്നണിയില്‍പ്പെട്ട ജെഡിയുവും ഓര്‍ഡിനന്‍സ് കൊണ്ടുവന്ന നടപടിയെ വിമര്‍ശിച്ചു. വിവാദവിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കരുതെന്നും ബന്ധപ്പെട്ടവരോട് കൂടിയാലോചന നടത്തണമെന്നും ജെഡിയു ആവശ്യപ്പെട്ടു. മതനിയമങ്ങളുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും ഇടപെടുമ്പോള്‍ ബന്ധപ്പെട്ടവരുമായി വിശദ ചര്‍ച്ചനടത്തി അവരെ വിശ്വാസത്തിലെടുക്കണം. മുത്ത്വലാഖില്‍ എന്ന പോലെ തന്നെ ഏകസിവില്‍കോഡ് സംബന്ധിച്ചും ചര്‍ച്ചകളും സംവാദങ്ങളും ആവശ്യമാണെന്നും ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും ജെഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി എംപി പറഞ്ഞു.
ഓര്‍ഡിനന്‍സ് രാഷ്ട്രീയപ്രേരിതമാണെന്ന് ബിഎസ്പിയും ആരോപിച്ചു. സര്‍ക്കാരിന്റെ പരാജയം മൂടിവയ്ക്കാനാണ് വൈകാരിക വിഷയങ്ങള്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ലോക്‌സഭ പാസാക്കുകയും രാജ്യസഭയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്ന ഈ ബില്ല് സെലക്റ്റ് കമ്മിറ്റിക്കു വിടുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.

RELATED STORIES

Share it
Top