മുത്ത്വലാഖ് ഓര്‍ഡിനന്‍സ്‌കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്തു പ്രമുഖര്‍

ന്യൂഡല്‍ഹി: മുത്ത്വലാഖ് ഓര്‍ഡിനന്‍സില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തു പ്രമുഖര്‍. ഭാര്യമാരെ ഉപേക്ഷിക്കുന്ന മുസ്‌ലിം പുരുഷന്‍മാരെ മാത്രം എന്തുകൊണ്ടാണ് ലക്ഷ്യംവയ്ക്കുന്നതെന്നും ഹിന്ദു ഭര്‍ത്താക്കന്‍മാരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഓള്‍ ഇന്ത്യാ പ്രോഗ്രസ്സീവ് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറി കവിതാ കൃഷ്ണന്‍ ചോദിച്ചു. മുത്ത്വലാഖ് എന്നത് ഔദ്യോഗിക സംവിധാനം വഴിയുള്ള വിവാഹമോചനല്ല. മറിച്ച് ഇതൊരു പഴഞ്ചന്‍ രീതിയാണ്. ഭാര്യമാരെ ഒഴിവാക്കുന്ന ഹിന്ദു പുരുഷന്‍മാരെ ശിക്ഷിക്കാന്‍ ഇവിടെ വല്ല നിയമവും ഉണ്ടോ? മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാരിന്റെ നിലപാടിലും സത്യസന്ധതയിലും സംശയമുണ്ടെന്നു സിപിഐ നേതാവ് ആനി രാജ പറഞ്ഞു. മുത്ത്വലാഖ് ചൊല്ലിയ പുരുഷനെ ജയിലിലടയ്ക്കുന്നതോടെ സ്ത്രീകളും കുട്ടികളും വഴിയാധാരമാവുമെന്നും അവരുടെ ചെലവുകള്‍ എങ്ങനെ നടക്കുമെന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നേട്ടത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
പുതിയ നിയമം പ്രശ്‌നം സങ്കീര്‍ണമാക്കാനാണ് സഹായിക്കുകയെന്ന് ഓള്‍ ഇന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് മറിയം ധവാലെ പറഞ്ഞു. മുത്ത്വലാഖിന്റെ ഇരകളായ സ്ത്രീകളുടെ സ്വത്താവകാശം, കുട്ടികളുടെ സംരക്ഷണം എന്നീ കാര്യങ്ങളെ കുറിച്ച് നിയമത്തില്‍ വ്യക്തതയില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തുവന്നു.
ഭര്‍ത്താക്കന്മാര്‍ ഭാര്യയെന്നു തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അവകാശപ്പെടുകയും എന്നാല്‍, ഭര്‍ത്താവില്‍ നിന്നു വേറിട്ട് ജീവിക്കേണ്ടി വരുകയും ചെയ്യുന്ന സ്ത്രീകള്‍ രാജ്യത്തുണ്ടെന്നു മോദിയുമായി അകന്നുകഴിയുന്ന ഭാര്യ യശോദാ ബെന്നിനെക്കുറിച്ച് ഉവൈസി പറഞ്ഞു. ഇത്തരത്തില്‍ 24 ലക്ഷത്തോളം സ്ത്രീകളാണ് ഇന്ത്യയിലുള്ളത്. ഇങ്ങനെഒറ്റപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും ജീവിക്കേണ്ടി വരുന്ന വിവാഹിതകളായ സ്ത്രീകള്‍ക്കു വേണ്ടി നിയമനിര്‍മാണം നടത്തണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top