മുത്തോലി ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് തിളക്കമാര്‍ന്ന വിജയം

പാലാ: മുത്തോലി പഞ്ചായത്ത് തെക്കുംമുറി നോര്‍ത്ത് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ യിലെ അഡ്വ. ജിസ്‌മോള്‍ തോമസ് 117 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സില്‍വി മനോജിനെ പരാജയപ്പെടുത്തി.
ആകെ പോള്‍ ചെയ്ത 905 വോട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജിസ്‌മോള്‍ തോമസിന് 399 വോട്ടും, കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി സില്‍വി മനോജിന് 282 വോട്ടും ബിജെപിയുടെ ഉഷാ ബാബുവിന് 40 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനിതാ കൈക്കോളിന് 33 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് ആയി കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ് എമ്മും ഒരുമിച്ച് മല്‍സരിച്ച കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 150 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വാര്‍ഡില്‍ വിജയിച്ചത്. അത് ഈ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് 117 വോട്ടിന് വിജയിച്ചത് കേരളാ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ തവണ ബിഡിജെഎസ് പിന്തുണയോടെ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് 204 വോട്ട് ലഭിച്ചപ്പോള്‍ ബിഡിജെഎസ് മാറിനിന്നപ്പോള്‍ വോട്ട് 40 ആയി ചുരുങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ 150 വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 33 വോട്ടുകള്‍ മാത്രമാണ്. മുത്തോലി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു വിജയിച്ചത് കോണ്‍ഗ്രസ് ക്യാംപിനു കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണെന്നു പാര്‍ട്ടി അഭിപ്രായപ്പെട്ടു.
അടുത്തനാളില്‍ പാലായില്‍ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ച കേരളാ കോണ്‍ഗ്രസ്സിന് മൂന്നാമത്തെ വിജയം പ്രതീക്ഷിച്ച സമയത്ത് ഉണ്ടായ പരാജയം വലിയ തിരിച്ചടിയായി. വാഹനാപകടത്തില്‍ മരണമടഞ്ഞ പഞ്ചായത്ത് മെംബറുടെ മകളാണ് വിജയിച്ച അഡ്വ. ജിസ്‌മോള്‍ തോമസ്. യുഡിഎഫിന്റെ നേതൃത്വത്തില്‍ മുത്തോലിയിലുടെ നീളം പാലായിലും വിജയത്തിന്റെ ആഹ്ലാദ പ്രകടനം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റുമാരായ എ കെ ചന്ദ്രമോഹനന്‍, അഡ്വ. ബിജു പുന്നത്താനം, ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീഷ് ചൊള്ളാനി, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, രാജന്‍ കൊല്ലംപറമ്പില്‍, എം ജെ സിറിയക് മഞ്ഞനാനി, സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, ഹരിദാസ് അടമത്തറ, സന്തോഷ് കുര്യത്ത്, റെജി തലക്കുളം, അഡ്വ. അനില്‍ മാധവപ്പള്ളില്‍, വിപിന്‍രാജ്, ആന്റണി എലവുങ്കല്‍, സി വി സെബാസ്റ്റ്യന്‍, ഷൈബു തോപ്പില്‍, നാരായണന്‍ തൊട്ടിരിക്കല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top