മുത്താണ് ചെമ്പടയ്ക്ക് സലാഹ്‌ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തന്റെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ  ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ മികവില്‍ വാറ്റ്‌ഫോര്‍ഡിനെതിരേ ലിവര്‍പൂളിന് ഏകപക്ഷീയമായ അഞ്ച് ഗോളിന്റെ തകര്‍പ്പന്‍ ജയം. മല്‍സരത്തിലെ നാല് ഗോളുകള്‍ സലാഹിന്റെ ബൂട്ടില്‍ നിന്ന് പിറന്നപ്പോള്‍ അഞ്ചാം ഗോള്‍ കണ്ടെത്തിയ ഫിര്‍മിനോയ്ക്ക് അസിസ്റ്റ് ചെയ്തും സലാഹ് കളിയുടെ ആധിപത്യത്തിന് ചുക്കാന്‍ പിടിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ടോട്ടനത്തെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. നാല് ഗോളുകള്‍ കരസ്ഥമാക്കിയതോടെ ടോപ് സ്‌കോറര്‍മാരില്‍ ടോട്ടനത്തിന്റെ ഹാരി കെയ്‌നിനെ പിന്നിലാക്കി സലാഹ് തലപ്പത്തേക്കുയര്‍ന്നു. സലാഹിന് 28 ഗോളും ഹാരി കെയ്‌നിന് 24 ഗോളുകളുമാണുളളത്. ഇതോടെ ലീഗ് സീസണില്‍ 25 ഗോളുകള്‍ സ്വന്തമാക്കുന്ന ലിവര്‍പൂളിന്റെ മൂന്നാമത്തെ താരമായും സലാഹ് മാറി.  ലീഗില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആഫ്രിക്കക്കാരന്‍ എന്ന റെക്കോഡിന് ഒപ്പമെത്താനും സലാഹിന് കഴിയും. ഒരു സീസണിലെ 29 പ്രീമിയര്‍ ലീഗ് ഗോള്‍ നേടിയ ദിദിയര്‍ ദ്രോഗ്ബയാണ് സലാഹിന്റെ മുന്‍പിലുള്ളത്.സലാഹ്, ഫിര്‍മിനോ, സാദിയോ മെയ്ന്‍ ത്രയത്തെ മുന്നില്‍ നിര്‍ത്തി ജര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ 3-4-3 എന്ന ശൈലിയാണ് വാറ്റ്‌ഫോര്‍ഡ് സ്വീകരിച്ചത്.  വാറ്റ്‌ഫോര്‍ഡിന്റെ 42 ശതമാനത്തിനെതിരേ 58 ശതമാനവും പന്ത് തങ്ങളുടെ വരുതിയിലാക്കിയ ലിവര്‍പൂളിനായിരുന്നു കളിയിലെ ആധിപത്യം. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സാദിയോ മെയ്‌നിന്റെ അസിസ്റ്റില്‍ തന്റെ ആദ്യഗോളിലൂടെ സലാഹ് ലിവര്‍പൂളിന്റെ അക്കൗണ്ട് തുറന്നു. പിന്നീട് 43ാം മിനിറ്റില്‍ റോബര്‍ട്ട്‌സന്റെ മികച്ചൊരു പാസില്‍ സലാഹിന്റെ കാലില്‍ നിന്നും രണ്ടാം ഗോളും പിറന്നു.ശേഷം തുടര്‍ന്ന രണ്ടാം പകുതിയിലെ 49ാം മിനിറ്റില്‍ ഫിര്‍മിനോ ചെമ്പടയുടെ മൂന്നാം ഗോളും കണ്ടെത്തി. ഇവിടെയും അസിസ്റ്റിന്റെ രൂപത്തില്‍ സലാഹ് ലിവര്‍പൂള്‍ രക്ഷകനായി.പിന്നീട് 77ാം മിനിറ്റില്‍ വാറ്റ്‌ഫോര്‍ഡിന്റെ വലയില്‍ നിറയൊഴിച്ച് ലിവര്‍പൂളില്‍ സലാഹ് തന്റെ ആദ്യ ഹാട്രിക് നേട്ടം കുറിച്ചു. പിന്നീട് 85ാം മിനിറ്റിലും സലാഹ് വീണ്ടും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ 5-0ന്റെ ജയത്തോടെ സ്വന്തം ആരാധകര്‍ക്ക് ഓര്‍മിക്കുന്ന രാവ് സമ്മാനിച്ച് ആന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടു. പോയിന്റ് പട്ടികയില്‍ 63 പോയിന്റോടെയാണ് ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നത്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 65 പോയിന്റും നാലാമതുള്ള ടോട്ടനത്തിന് 61 പോയിന്റുമാണുള്ളത്.

സലാഹിന് റെക്കോഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹാട്രിക് നേടുന്ന ആദ്യ ഈജിപ്ത് താരമായി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. ഇന്നലെ നേടിയ ഹാട്രിക്കാണ് താരത്തിന് ഈ റെക്കോഡ് സ്വന്തമാക്കാന്‍ വഴിയൊരുക്കിയത്. ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ ആദ്യമായി ഹാട്രിക് നേടുന്ന താരം കൂടിയാണ് സലാഹ്. കൂടാതെ, ഒരു മല്‍സരത്തില്‍ നാല് ഗോള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും ഇന്നലെ ആന്‍ഫീല്‍ഡില്‍ സലാഹ് കുറിച്ചു.  റോബി ഫൗളര്‍, മൈകിള്‍ ഓവന്‍, ലൂയിസ് സുവാരസ് എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഒരു മല്‍സരത്തില്‍ നാല് ഗോള്‍ നേടിയ താരങ്ങള്‍. ഈ റെക്കോഡുകള്‍ക്ക് പുറമെ ആദ്യ സീസണില്‍ ലിവര്‍പൂളിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്താനും സലാഹിനായി.  2007-08 സീസണില്‍ 33 ഗോളുകള്‍ നേടിയ ഫെര്‍ണാണ്ടോ ടോറസിന്റെ റെക്കോര്‍ഡിനൊപ്പമാണ് സലാഹ് എത്തിയത്.കൂടാതെ, 2009ന് ശേഷം പ്രീമിയര്‍ ലീഗില്‍ ഉതിര്‍ത്ത നാല് ഷോട്ടില്‍ നിന്നും നാല് ഗോളുകള്‍ കണ്ടെത്തുന്ന ആദ്യ താരമായും സലാഹ് മാറി.  മുമ്പ് 2009ല്‍ ആന്ദ്രേ അര്‍ഷവിനാണ് ഈ നേട്ടം സ്വന്തമാക്കിയത്.

RELATED STORIES

Share it
Top