മുതുവംപാടിയില്‍ വീണ്ടും അജ്ഞാതജീവി ആടിനെ ആക്രമിച്ചു

ചെറുപുഴ: പുലിയെ കണ്ടതായി അഭ്യൂഹം പടര്‍ന്ന ചെറുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മുതുവംപാടിയില്‍ വീണ്ടും അജ്ഞാതജീവിയുടെ പരാക്രമം. മുതുവം കോളനിയിലേക്കുള്ള റോഡിനോടു ചേര്‍ന്ന് താമസിക്കുന്ന എടക്കോം തമ്പായിയുടെ വീടിന് സമീപത്തെ ആട്ടിന്‍കൂട്ടില്‍ കയറി ആടിനെ അക്രമിച്ചു.
ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ അജ്ഞാതജീവി ഓടിരക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണു സംഭവം. ഇതേസമയം മുതുവംപാടി കോളനിയിലെ പാടിയില്‍ അഭിജിത്തും പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടു. ബഹളംകേട്ട് സമീപത്തെ റബര്‍ തോട്ടത്തില്‍ ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് ജീവിയെ കണ്ടത്. ശബ്ദമുണ്ടാക്കി പിന്തുടര്‍ന്നപ്പോള്‍ കാടുമൂടിയ ഭാഗത്തേക്ക് ജീവി ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ഇന്നലെ ഉച്ചയോടെ വനംവകുപ്പിന്റെ ദ്രുതകര്‍മ സേനയെത്തി പരിശോധന നടത്തി. തളിപ്പറമ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ പ്രദീപന്‍, സി സത്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. കാല്‍പാടുകള്‍ നിരീക്ഷിച്ചതില്‍നിന്ന് പട്ടിക്കടുവ ഇനത്തില്‍പ്പെട്ട ജീവിയാണ് ഇതെന്നാണ് നിഗമനം. ഇവ വളര്‍ത്തുമൃഗങ്ങളെ മാത്രമേ ആക്രമിക്കുകയുള്ളൂവെന്നും ജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് കൂട് സ്ഥാപിച്ച് വന്യമൃഗത്തെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് ലഭിക്കാതെ പുലിക്കൂട് സ്ഥാപിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരാഴ്ച മുമ്പ് ഇതേ പ്രദേശത്ത് കൂട്ടില്‍കയറി ആടിനെ വന്യജീവി കടിച്ചുകൊണ്ടുപോയിരുന്നു. ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പ് മുതുവംപാടിയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ വിറകുശേഖരിക്കാന്‍ പോയ സ്ത്രീകള്‍ പുലിയെ കണ്ടതായി അറിയിച്ചിരുന്നു. വന്യജീവിയുടെ ആക്രമണം പതിവായതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.

RELATED STORIES

Share it
Top