മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സുരക്ഷ മെച്ചപ്പെടുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയും സംരക്ഷണവും മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പോലിസ് മേധാവി ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. വേണ്ടത്ര പരിചരണമില്ലാതെ ദരിദ്ര സാഹചര്യങ്ങളില്‍ കഴിയുന്നവര്‍, നല്ല ധനസ്ഥിതിയുണ്ടെങ്കിലും സഹായത്തിന് ഉറ്റവര്‍ കൂടെയില്ലാതെ ബഹുനില വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, മക്കളാലും മറ്റും ഉപേക്ഷിക്കപ്പെട്ട് അവശനിലയില്‍ കഴിയുന്നവര്‍, അപകടകരങ്ങളായ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങി പലതരത്തില്‍ വൈഷമ്യമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ സംസ്ഥാനത്തുണ്ട്. ഇത്തരക്കാരുടെ സംരക്ഷണം ഉറപ്പാക്കാനാണ് നിര്‍ദേശം. ഓരോ പോലിസ് സ്റ്റേഷനും ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ വിവരങ്ങള്‍ സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ ശേഖരിക്കുകയും അവരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും വേണം. പോലിസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലുള്ള ഇത്തരം മുതിര്‍ന്ന പൗരന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. ഇടയ്ക്കിടെ അവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. വാരാന്ത്യങ്ങളില്‍ ഇവര്‍ക്കായുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കാവുന്നതാണ്. മുതിര്‍ന്ന പൗരന്മാരുടെ യോഗങ്ങള്‍ സംഘടിപ്പിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. അടിയന്തര ഘട്ടങ്ങളില്‍ പോലിസ് സ്റ്റേഷനുമായി  വേഗത്തില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കാവുന്നതാണെന്ന് സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു. തുടക്കമെന്ന നിലയില്‍ ഓരോ ജില്ലയിലും    മുതിര്‍ന്ന പൗരന്‍മാര്‍ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് അവിടങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവുന്നതാണെന്നും നിര്‍ദേശിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ ഫെബ്രുവരി 15നകം അഡ്മിനിസ്‌ട്രേഷന്‍ ഐജി പി വിജയന് നല്‍കാനും സംസ്ഥാന പോലിസ് മേധാവി ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top