മുതിര്‍ന്ന അഭിഭാഷക പദവി : ഹൈക്കോടതികളില്‍ നിന്ന് സുപ്രിംകോടതി അഭിപ്രായം തേടിന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച കേസില്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിന്നും ബാര്‍ അസോസിയേഷനുകളില്‍ നിന്നും സുപ്രിംകോടതി അഭിപ്രായം തേടി. രജിസ്‌റ്റേര്‍ഡ് ഹൈക്കോടതി ബാര്‍ അസോസിയേഷനുകള്‍ക്ക് ഇക്കാര്യമുന്നയിച്ച് സുപ്രിംകോടതി സെക്രട്ടറി ജനറല്‍ നോട്ടീസ് അയച്ചു. സുതാര്യതയില്ലാതെയും യാതൊരു നിയന്ത്രണവുമില്ലാതെയും മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി ഉപയോഗിക്കുന്നതു ചൂണ്ടിക്കാട്ടി അഭിഭാഷക ഇന്ദിര ജയ്‌സിങ് നല്‍കിയ പരാതിയിലാണ് സുപ്രിംകോടതിയുടെ നടപടി. 2005 ജൂലൈയിലാണ് ഈ ആവശ്യവുമായി ജയ്‌സിങ് സുപ്രിംകോടതിയെ സമീപിച്ചത്. ലോബിയിങ് വഴി മുതിര്‍ന്ന അഭിഭാഷകരെന്ന പദവി നേടാമെന്ന ബോധം നിലനില്‍ക്കുന്നുണ്ടെന്നും ഇത് നിയന്ത്രിക്കുന്നത് ഒരു പ്രമാണി സംഘമാണെന്നും മാധ്യമവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ജയ്‌സിങ് വാദിച്ചിരുന്നു.  മുതിര്‍ന്ന അഭിഭാഷകന്‍ പദവി നല്‍കുന്നതു സംബന്ധിച്ച് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് സുപ്രിംകോടതി ബാര്‍ അസോസിയേഷന്റെയും ചില ഹൈക്കോടതി ബാര്‍ അസോസിയേഷനുകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടുകള്‍ നേരത്തേ ആരാഞ്ഞിരുന്നു. ഹൈക്കോടതികളും സുപ്രിംകോടതിയുടെ ഫുള്‍ ബെഞ്ചും അനുവദിക്കുകയാണെങ്കില്‍ മുതിര്‍ന്ന അഭിഭാഷകപദവി നല്‍കുന്നതു സംബന്ധിച്ച നിലവിലെ വ്യവസ്ഥ പ്രകാരം അപേക്ഷകളെല്ലാം തീര്‍പ്പാക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.  എന്നാല്‍, ഈ അപേക്ഷകളെല്ലാം റദ്ദാക്കണമെന്ന ഇന്ദിര ജെയ്‌സിങിന്റെ ആവശ്യം ഈയിടെ സുപ്രിംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ ബാര്‍ അസോസിയേഷനുകളില്‍ നിന്നു നിര്‍ദേശം തേടിയത്. ജൂലൈ 20ന് കേസ് വീണ്ടും പരിഗണിക്കും. അതിനു മുമ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ബാര്‍ അസോസിയേഷനുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ ഹരജി പരിഗണിക്കുന്നതിനിടെ വിദേശസര്‍വകലാശാലകളില്‍ നിന്ന് നിയമ ബിരുദം നേടിയതുകൊണ്ട് മാത്രം മുതിര്‍ന്ന അഭിഭാഷകരെന്ന പദവി ലഭിക്കില്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

RELATED STORIES

Share it
Top