മുതലമട അയിത്താചരണം : വിവാദത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും- സിപിഎംപാലക്കാട്: മുതലമട പഞ്ചായത്തില്‍ അയിത്താചരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഎം കൊല്ലങ്കോട് ലോക്കല്‍ സെക്രട്ടറിതിരുചന്ദ്രന്‍, ഏരിയാ സെക്രട്ടറി എം ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുതല മട പഞ്ചായത്ത് എട്ടാം വാര്‍ഡ് അംബേദ്കര്‍ കോളനിയില്‍ അയിത്തവും തൊട്ടു കൂടായ്മയും സംബന്ധിച്ച പ്രചരണം അടിസ്ഥാന രഹിതമാണ്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. ഇത് ഇല്ലായ്മ ചെയ്യുന്നതിന് പാര്‍ട്ടി നടപടിയെടുക്കും. എന്നാല്‍ ഇത് സംബന്ധിച്ച സംഭവങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും പാര്‍ട്ടിയിലുണ്ടായിരിക്കില്ലെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്തില്‍ കുടിവെള്ളമെടുക്കുന്നതിനോ, ഉയര്‍ന്ന ജാതിക്കാരായ കൗണ്ടര്‍മാരുടെ വീടുകളില്‍ പ്രവേശിക്കുന്നതിനോ താഴ്ന്ന ജാതിക്കാര്‍ക്ക്്് യാതൊരു വിധ എതിര്‍പ്പുമില്ലെന്നും ഇത് സംബന്ധിച്ച പരാതികളൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്നും മുതലമട പഞ്ചായത്ത് പ്രസിഡന്റ് ദേവിസുധ അറിയിച്ചു. അന്വേഷണത്തില്‍ കോണ്‍ഗ്രസിലെ ചിലര്‍ നടത്തുന്ന കുപ്രചരണമാണെന്നാണ് വ്യക്തമായതെന്നും അവര്‍ കൂട്ടിചേര്‍ത്തു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും മുതലമട പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കരിതേച്ച് കാണിക്കുന്നതിനും സമൂഹമനസ്സില്‍ നിന്നും വേരറ്റു പോയ അയിത്തത്തെയും ജാതി വ്യവസ്ഥയെയും പുനരുജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. 9ന് വൈകീട്ട് ആറിന് അംബേദ്കര്‍ കോളനിയില്‍ വിശദീകരണ പൊതുയോഗം നടത്തും. കെ ബാബു എം എല്‍ എ ഉദ്ഘാടനം ചെയ്യും. പി കെ ബിജു എം പി പങ്കെടുക്കും. തുടര്‍ന്ന് സമൂഹ സദ്യയും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദതുളസിയും പങ്കെടുത്തു.

RELATED STORIES

Share it
Top