മുതലപ്പൊഴി തുറമുഖത്തെ മണല്‍നീക്കം ആരംഭിച്ചുഎം എം അന്‍സാര്‍

കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖത്തിലെ മണല്‍ നീക്കം ചെയ്യല്‍ ഇന്നലെ ആരംഭിച്ചു. മല്‍സ്യ ബന്ധന ബോട്ടുകള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ അഴിമുഖത്ത് കടലില്‍ നിന്നും മണല്‍ അടിഞ്ഞ് കൂടിയതിനെ തുടര്‍ന്നാണ് മണല്‍ നീക്കം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചത്. വേനല്‍കാലം തുടങ്ങിയതോടെ ഹാര്‍ബറിലേക്ക് കടലില്‍ നിന്നും മണ്ണ് അടിഞ്ഞ് കൂടുന്ന പ്രതിഭാസം തുടങ്ങിയിരുന്നു. വേനല്‍ രൂക്ഷമാവുന്നതോടെ കായലുകളില്‍ നിന്നും വിവിധ നദികളില്‍ നിന്നുമുള്ള വെള്ളം കടലിലേക്ക് ഒഴുകിയെത്തുന്നതില്‍ ഗണ്യമായ കുറവ് ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ തിര അവസാനിക്കുന്ന ഭാഗത്ത് മണല്‍ അടിഞ്ഞ് കൂടി കരയാകാനുമുള്ള സാധ്യതയും ഏറെയാണ്. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഹാര്‍ബര്‍ നിര്‍മാണത്തില്‍  അശാസ്ത്രീയതയുണ്ടെന്ന കണ്ടെത്തലുകളെ തുടര്‍ന്ന് പലതവണ ജോലികള്‍ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കടലില്‍ നിന്നും അഴിമുഖത്തേക്ക് തിരയടിക്കില്ലായിരുന്നു. വേനല്‍ കടുത്ത് പൊഴിമുഖത്ത് മണല്‍ അടിഞ്ഞ് കയറിയതോടെ അഴിമുഖത്തേക്ക് വീണ്ടും തിരയടി ആരംഭിച്ചിരിക്കുകയാണ്. ഇത് ഹാര്‍ബര്‍ അതോറിറ്റിയേയും കരാര്‍ കാരനേയും ആശങ്കയിലാക്കിയിട്ടുണ്ട്.  അശാസ്ത്രീയ നിര്‍മാണമെന്ന ഇനിയും പരാതിയുണ്ടാവുമോ എന്നും അധികൃതര്‍ക്ക് ഭയമുണ്ട്. അഴിമുഖത്തേക്ക് തിരയടിച്ച് തുടങ്ങിയതോടെ മല്‍സ്യതൊഴിലാളികളും വിഷമത്തിലാണ്. മല്‍സ്യ ബന്ധനത്തിന് കടലിക്ക് പോകുമ്പോഴും അതേപോലെ തിരിച്ച് ഹാര്‍ബറിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴും തിരയടി കാരണം ഇവര്‍ക്ക് വന്‍ അപകട ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. മണല്‍ മാറ്റി തുടങ്ങിയത് മല്‍സ്യതൊഴിലാളികള്‍ക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കടല്‍ ഏത് രീതിയില്‍ പ്രതികരിക്കുമെന്നത് കണ്ടറിയേണ്ടിരിക്കുന്നു. ആറ് മീറ്റര്‍ ആഴത്തിലുള്ള മണലുകള്‍ ബാര്‍ജ് മുഖേനയാണ് മാറ്റുന്നത്. ഇതിനായി രണ്ട് കോടി രൂപയാണ് ചിലവിടുന്നത്. ഡ്രഡ്ജ് ചെയ്ത് എടുക്കുന്ന മണല്‍ താഴം പള്ളി ഭാഗത്ത് നിക്ഷേപിക്കും. മുതലപ്പൊഴിഹാര്‍ബറിന്റെ പ്രധാന ഭാഗമായ പുലിമുട്ട് നിര്‍മാണ സമയം മുതല്‍ വടക്ക് ഭാഗത്തുള്ള താഴം പള്ളി പൂത്തുറ ഭാഗത്തെ കര നഷ്ട്ടപ്പെട്ട് തുടങ്ങിയിരുന്നു. പുലിമുട്ട് നിര്‍മാണം പുരോഗമിച്ചതോടെ ഈ ഭാഗത്തെ കരയില്ലാതാവുകയും നൂറ് കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമാവുകയും ചെയ്തു. എന്നാല്‍ ഹാര്‍ബറിന് കിഴക്ക് ഭാഗമായ പെരുമാതുറയില്‍ കര കൂടുതലായി ഉണ്ടാവുകയും ചെയ്തു. അടുത്തിടെ കിഴക്ക് ഭാഗത്തെ പുലിമുട്ട് കടന്ന് മുന്നൂറോളം മീറ്റര്‍ മാറി ഒരു മിനി പുലിമുട്ടിന്റെ നിര്‍മാണം തുടങ്ങിയതോടെ കര നഷ്ടപ്പെട്ടിടത്ത് ചെറിയ രീതിയില്‍ കര വന്ന് തുടങ്ങിയിട്ടുണ്ട്. ഹാര്‍ബറില്‍ നിന്നും ഡ്രിഡ്ജ് ചെയ്യുന്ന മണലുകള്‍ താഴം പള്ളി ഭാഗത്തെകര നഷ്ട്ടപ്പെട്ടിടത്ത് നിക്ഷേപിക്കും. കഴിഞ്ഞ തവണ ഹാര്‍ബറില്‍ നിന്നും നീക്കം ചെയ്ത പതിനായിരക്കണക്കിന് ലോറി മണലുകളാണ് ഇവിടെ നിന്നും അധികൃതര്‍ വിറ്റഴിച്ചത്.

RELATED STORIES

Share it
Top