മുതലക്കോടത്തെ ഹോട്ടല്‍മാലിന്യം തള്ളുന്നത് തോട്ടില്‍

തൊടുപുഴ: മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് കക്കൂസ് മാലിന്യം അടക്കം തോട്ടില്‍ നിക്ഷേപിക്കുന്നതിനെതിരേ വീട്ടമ്മമാര്‍ തെരുവിലിറങ്ങി. ഇതോടെ തൊടുപുഴ-മുതലക്കോടം- ഉടുമ്പന്നൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. വന്‍തോതില്‍ ഹോട്ടല്‍മാലിന്യം തോട്ടില്‍ നിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധവുമായി രംഗത്ത് എത്തിയത്. രണ്ടുപാലം ലക്ഷംവീട് കോളനി നിവാസികളാണ് മുതലക്കോടത്ത് ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം അറിയിച്ചത്. സത്രീകളുള്‍പ്പടെ നൂറോളം പേര്‍ പ്രതിഷേധച്ചങ്ങല തീര്‍ത്ത് വാഹനങ്ങള്‍ തടയുകയായിരുന്നു. മുതലക്കോടം ടൗണിലെ ഹോട്ടലില്‍ നിന്നുള്ള മലിനജലം നാളുകളായി സമീപത്തെ തോട്ടിലേക്കാണ് ഒഴുക്കുന്നത്. രണ്ടുപാലം നിവാസികളായ നിരവധി കുടുംബങ്ങള്‍ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും മറ്റുമായി ഈ തോടിനെയാണ് ആശ്രയിക്കുന്നത്. മലിനജലം ഒഴുക്കുന്നത് പതിവായതോടെ  ഹോട്ടിനെതിരേ നാട്ടുകാര്‍ മുനിസിപ്പലിറ്റിയില്‍ പരാതിനല്‍കിയിരുന്നു. ഹോട്ടല്‍ ശുചിത്വ നിലവാരം പാലിക്കുന്നില്ലെന്നും സെപ്റ്റിക് ടാങ്ക് ഉടന്‍ നിര്‍മിക്കണമെന്നും നിര്‍ദേശിച്ച് നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. പത്തുദിവസത്തെ നോട്ടീസ്  നല്‍കിയിരുന്നത്. എന്നാല്‍, സെപ്റ്റിക് ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാന്‍ ഹോട്ടല്‍ ഉടമകള്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചുമില്ല. ഇതിനു തൊട്ടുപിന്നാലെ ഇവിടെ നിന്ന് മാംസാവശിഷ്ടങ്ങളും ഹോട്ടല്‍ വേസ്റ്റും നിക്ഷേപിച്ചതായും നാട്ടുകാര്‍ കണ്ടെത്തി. റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കടന്നുപോവാതെ ഏറെ നേരംനിര്‍ത്തിയിട്ടു. സ്ഥലത്തെത്തിയ പോലിസ് നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സപ്റ്റിക് ടാങ്ക് നിര്‍മാണം പൂര്‍ത്തിയാവുംവരെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് തൊടുപുഴ എസ്‌ഐ വി സി വിഷ്ണുകുമാര്‍ സംഭവസ്ഥലത്തെത്തി  ഉറപ്പുനല്‍കി. തുടര്‍ന്നാണ് പ്രതിഷേധവുമായെത്തിയവര്‍ ഉപരോധം അവസാനിപ്പിച്ചു മടങ്ങിയത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും മാലിന്യ സംസ്‌കരണത്തിനു നടപടി സ്വീകരിക്കാതെ ഹോട്ടല്‍ ഉടമകള്‍ ധിക്കാരപരമായ സമീപനമാണു സ്വീകരിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top