മുണ്ടൂരിലെ സി-മെറ്റ് കോളജ് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നുമുണ്ടൂര്‍: ഒന്‍പതാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സി-മെറ്റ് നഴ്‌സിങ് കോളജ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിരോധം ശക്തമാവുന്നു. അടുത്ത അക്കാദമിക് വര്‍ഷമായ സെപ്റ്റംബറില്‍ മുണ്ടൂരിലെ സ്ഥാപനം മലമ്പുഴ സി-മെറ്റ് കോളജ് കെട്ടിടത്തിലേക്ക് മാറ്റാനാണ്  സര്‍ക്കാര്‍ നിര്‍ദ്ദേശം. കഴിഞ്ഞമാസം ചേര്‍ന്ന പിടിഎ യോഗം സ്ഥാപനം ഇവിടെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു നിവേദനം നല്‍കാന്‍ തീരുമാനിച്ചു. ജനറല്‍ നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് രണ്ടുവര്‍ഷത്തെ ഉപരിപഠനം നല്‍കുന്ന  സ്ഥാപനം 2010 സെപ്റ്റംബറില്‍ ആണ് ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സാണ് ആദ്യമായി തുടങ്ങിയത്. മൂന്ന് ബാച്ച് പരിശീലനവും നടന്നിരുന്നു. പിന്നീട് ഈ സംരംഭം കോഴിക്കോട്ടേക്ക് പോയതോടെ കെട്ടിടത്തിന്റെ ശനിദശ തുടങ്ങി. താരതമ്യേന വലുപ്പമുള്ള ഇരു നില കെട്ടിടം വകുപ്പ് ഒഴിവാക്കിയപ്പോള്‍ സാമൂഹിക വിരുദ്ധര്‍  താവളമാക്കി. ചീട്ടുകളിയും മദ്യപാനവും വ്യാപകമായി. ഇതു സംബന്ധിച്ച് പത്രവാര്‍ത്തകളെ തുടര്‍ന്ന്  രാഷ്ട്രീയ പ്രവര്‍ത്തകരും ജനപ്രതിനിധികളും സംഭവത്തില്‍ ഇടപ്പെട്ടു. വിഷയം മന്ത്രിയുടെ ശ്രദ്ധയിലും എത്തി. തുടര്‍ന്ന് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതി സ്ഥലം സന്ദര്‍ശിച്ചു. സി-മെറ്റ് കോളജ് പ്രവര്‍ത്തനം ഇവിടേക്ക് വരാന്‍ വഴി തുറന്നു. ആദ്യം അക്കാദമിക് പ്രവര്‍ത്തനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 80 ലക്ഷത്തോളം ചെലവിട്ട് കെട്ടിടം നവീകരണം  നടത്തി. പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവും ലഭ്യമായി. കിണര്‍, ലാബ്, അനുബന്ധസജ്ജീകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തനം  നടക്കുന്നതിനിടെയാണ് സ്ഥാനചലനം. നിലവിലെ  കോളജ് മാറ്റി സ്ഥാപിച്ചാലും ഇവിടുത്തെ സൗകര്യം ഉപയോഗപ്പെടുത്തി ബിഎസ്‌സി നഴ്‌സിങ്ങ് കോളജ് തുടങ്ങാന്‍ കഴിയും. ഇതേകുറിച്ച്  ചര്‍ച്ചകളും  സജീവമായിരുന്നു. പക്ഷെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ജില്ലയിലുള്ളവര്‍ നഴ്‌സിങ് പ്രവേശനത്തിന് ഇതര ജില്ലകളെയാണ് ആശ്രയിക്കുന്നത്. നിലവില്‍  മലമ്പുഴയിലാണ് ബിഎസ്‌സി നഴ്‌സിങ് കോഴ്‌സ് ഉള്ളത്. ഇതില്‍ ഒരു ബാച്ചില്‍ 60 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. പക്ഷെ അപേക്ഷകര്‍ ഇതിന്റെ ഇരട്ടി വരുമെന്നിരിക്കെയാണ് മുണ്ടൂരിലെ കേന്ദ്രം മാറുന്ന തീരുമാനം  വരുന്നത്്്

RELATED STORIES

Share it
Top