മുണ്ടപ്രം നിവാസികള്‍ക്ക് യാത്ര ദുഷ്‌ക്കരം

താമരശ്ശേരി: റോഡ് വീതി കൂട്ടാന്‍ ഭൂ ഉടമകള്‍ സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ മുണ്ടപ്രം നിവാസികള്‍ ദുരിതത്തില്‍. കട്ടിപ്പാറ പഞ്ചായത്ത് പുല്ലാഞ്ഞിമേട്- കോളിക്കല്‍ റോഡില്‍ മുണ്ടപ്രം ഭാഗത്തേ 70 മീറ്റര്‍ ദൂരം വരുന്ന പ്രദേശമാണ് കാല്‍നടപോലും അസഹ്യമായ രീതിയില്‍ തകര്‍ന്ന് തരിപ്പണമായത്. മഴപെയ്തതോടെ റോഡ് ചളിക്കളമായി മാറുകയും ചെയ്തു. രാത്രി കാലങ്ങളില്‍ ഈ വഴി യാത്രചെയ്യുന്നവര്‍ക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്.
പലപ്പോഴും ഇരുചക്ര വാഹനയാത്രക്കാര്‍ കുഴികൡ വീണു അപകടം സംഭവിക്കുന്നു. നിലവില്‍ അഞ്ചര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത പത്ത് മീറ്റര്‍ വീതിയിലാണുള്ളത്.
എന്നാല്‍ മുണ്ടപ്പുറം ഭാഗത്തെ നാലു വീട്ടുകാര്‍ റോഡ് വീതി കൂട്ടുന്നതിനു മറ്റുള്ളവര്‍ സ്ഥലം വിട്ടുകൊടുത്തപ്പോള്‍ ഇതിനു തയ്യാറായില്ല. ഇതിനാല്‍ ഈ ഭാഗത്ത് റോഡ് വിതികൂട്ടാനും ഡ്രൈനേജ് നിര്‍മിക്കാനും സാധിക്കാതെ പോവുകയയായിരുന്നു.
പ്രദേശവാസികളും സാമൂഹ്യ പ്രവര്‍ത്തകരും ഈ വീട്ടുകാരെ നിരന്തരം ബന്ധപ്പെട്ടെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാരോപണം ഉയരുന്നു.
ഇതിനെ തുടര്‍ന്ന് സാംസ്‌കാരിക സംഘടനയായ ന്യൂ സ്റ്റാര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സായാഹ്‌ന ധര്‍ണ നടത്തി. വാര്‍ഡ് അംഗം കെടി രിഫായത്ത് ഉദ്ഘാടനം ചെയ്തു. 13ാം വാര്‍ഡ് അംഗം കെ വി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എ കെ കബീര്‍, നിസാര്‍, അബ്ദുല്‍ ഹക്കീം, അബ്ദുല്‍ ജബ്ബാര്‍, ലിജിന്‍ രാജ് ,എ ടി നൗഷാദ്, മരക്കാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top