മുട്ടാറിന് അഭിമാനമായി മൂവര്‍ സംഘത്തിന്റെ വിജയം

എടത്വ: മുട്ടാര്‍ പ്രദേശത്തിന് അഭിമാനമായി സഹോദരങ്ങളായ മൂവര്‍സംഘത്തിന്റെ വിജയം.  മാധവവിലാസത്തില്‍ ഫോട്ടോഗ്രാഫറായ മനോജിന്റെയും വീട്ടമ്മയായ ഷൈമയുടെയും മക്കളായ ഓംകാര്‍ നാഥും,അമര്‍നാഥും,മൈഥിലി മനോജുമാണ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേട്ടം കൈവരിച്ചത്. മുട്ടാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു മൂവരും.
ഇവരുള്‍പ്പെടെ 14 കുട്ടികള്‍ക്കാണ് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും ഇവിടെ നിന്നും എപ്ലസ് നേടിയെടുത്തത്. ഇവരില്‍ ഓംകാര്‍നാഥും,അമര്‍നാഥും ഇരട്ടകളും മൈഥിലി 10 മാസം പ്രായകുറവുള്ള സഹോദരിയുമാണ്. ചേട്ടന്മാരെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയ അവസരത്തില്‍ കൂടെ കൂടിയ മൈഥിലിക്കും അവരോടൊപ്പം സ്‌കൂളിലിരുന്നു പഠിക്കണമെന്നു വാശിപിടിച്ചുകരഞ്ഞു. ഒടുവില്‍ പ്രായം കുറവാണെങ്കിലും എഇഒ യുടെ പ്രത്യേക അനുമതിയോടെ മൈഥിലിയേയും സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പത്താം ക്ലാസ് പരിക്ഷ സമയത്തും പ്രായക്കുറവ് പ്രശ്‌നമായി ഒടുവില്‍ സ്‌കൂള്‍ അധികൃതര്‍ ഡിഇഒ ഓഫിസുമായി ബന്ധപ്പെട്ട് പ്രത്യേക അനുമതിയോടെ പരീക്ഷ്‌ക്കിരുത്തുകയായിരുന്നു.
പഠനത്തിലും  കലയിലും മൂവരും ഒന്നിനൊന്ന് മിച്ചം. ഇവരുടെ കഴിവ് തിരിച്ചറിഞ്ഞ അധ്യാപകര്‍ എന്തിനും ഏതിനും സഹായഹസ്തവുമായി എത്തിയതോടെ സ്‌കൂളിലെ താരങ്ങളായി ഇവര്‍ മാറുകയും ചെയ്തു. ഇരട്ടകളായ സഹോദരങ്ങള്‍ ഒരു ക്ലാസിലും മൈഥിലി അടുത്ത ക്ലാസിലുമായിരുന്നു പഠനം. എന്നാല്‍ വീട്ടിലെത്തി പരസ്പരം ചേര്‍ന്നായിരുന്നു പഠനം. പ്ലസ്ടുപഠനത്തിനും ഇവര്‍ ഇവിടെ തന്നെ തുടരാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

RELATED STORIES

Share it
Top