മുട്ടവില കുതിക്കുന്നു

കാവനാട്: കോഴിമുട്ടയുടേയും താറാമുട്ടയുടേയും വില കുതിച്ചുയരുന്നു. കേരളത്തിലേക്കാവശ്യമായ മുട്ടകളില്‍ കൂടുതലും തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് എത്താറുള്ളത്. അവിടെ അടുത്തിടെ കോഴിത്തീറ്റയുടെ വില വര്‍ധിക്കുകയും മുട്ടയ്ക്ക് ന്യായമായ വില ലഭിക്കാതെ വന്നതിനെ തുടര്‍ന്നും ധാരാളം കോഴി ഫാമുകള്‍ അടച്ച് പൂട്ടിയിരുന്നു. എങ്കിലും കുറച്ചു ഫാമുകള്‍ തുറന്ന് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ അടുത്തിടെ ഉണ്ടായ കാലവര്‍ഷക്കെടുതി മൂലം ധാരാളം കോഴിഫാമുകള്‍ക്ക് നാശനഷ്ടം വന്നിരുന്നു. അതോടെ മുട്ട ഉല്‍പ്പാദനത്തില്‍ കുറവ് വരുകയും മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുതലായി കയറ്റി അയക്കാന്‍ കഴിയാതെയും വന്നു.  ഇതോടെയാണ് കോഴിമുട്ടകള്‍ക്കും വില ഉയരാന്‍ തുടങ്ങി. അഞ്ചര രൂപയ്ക്ക് കിട്ടിയിരുന്ന കോഴിമുട്ടയ്ക്ക് ആറ് രൂപ വരെ വില ഉയര്‍ന്നു. മൊത്ത കച്ചവടക്കാരില്‍ നിന്നും മുട്ടകള്‍ വാങ്ങി കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ ആറര രൂപയും അതിന് മേലും വില ഈടാക്കി വരികയാണ്. കോഴിമുട്ടയ്ക്ക് വില ഉയര്‍ന്നതോടെ എട്ടര രൂപയ്ക്ക് കിട്ടിയിരുന്ന താറാമുട്ടകള്‍ക്ക് ഒന്‍പത് രൂപ വിലയായി. ചെറുകിട കച്ചവടക്കാര്‍ താറാമുട്ടകള്‍ക്ക് പത്ത് രൂപ വരെ ഈടാക്കി വരുന്നുണ്ട്. പനി, ചുമ, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ക്ക് ഏറെ ഉപകരിക്കുന്ന കാടമുട്ട പാക്കറ്റ് ഒന്നിന്(പത്തണ്ണം) ഇരുപത്തിയഞ്ച് രൂപയായിരുന്നത് മുപ്പത് രൂപ വരെ ഉയര്‍ന്നു. ഡിസംബര്‍ പകുതി കഴിയുന്നതോടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ തണുപ്പ് ആരംഭിക്കും. ആ സമയം കൂടുതല്‍ വില ലഭിക്കുന്നതിനാല്‍ കോഴി ഫാമുകാര്‍ അവര്‍ക്ക് ലഭിക്കുന്ന മുട്ടകള്‍ വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുക പതിവാണ്. അതോടെ കേരളത്തിലും മുട്ടയ്ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ എല്ലായിനം മുട്ടകള്‍ക്കും ഇനിയും വില കൂടാനാണ് സാധ്യതയെന്ന് കൊല്ലത്തെ ഒരു മുട്ടക്കട വ്യാപാരി തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top