മുട്ടത്ത് 110 കെവി സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

തൊടുപുഴ: അഞ്ചര കോടി രൂപ മുടക്കി പൂര്‍ത്തിയാക്കിയ കെഎസ്ഇബിയുടെ മുട്ടം 110 കെവി സബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. വൈദ്യുതിമന്ത്രി എം എം മണിയുടെ സൗകര്യാര്‍ത്ഥം ഔദ്യോഗിക ഉദ്ഘാടനം നടക്കും. തൊടുപുഴ- ഇടുക്കി റോഡില്‍ മുട്ടം വില്ലേജ് ഓഫീസിന് സമീപത്തുള്ള ഒരേക്കര്‍ സ്ഥലത്താണ് സബ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. എംവിഐപിയുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്ത് വൈദ്യുതി വകുപ്പിന് കൈമാറുകയായിരുന്നു.
ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന പി ജെ ജോസഫ് പ്രത്യേക താല്പര്യം എടുത്ത് ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം സബ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് സൗജന്യമായി വിട്ട് നല്‍കുകയായിരുന്നു. മലങ്കര ഡാമിലെ കാച്ചമെന്റ് ഏരിയയില്‍പെട്ട ഇവിടെ വെള്ളം കയറും എന്നതിനാല്‍ രണ്ട് മീറ്ററോളം ഉയരത്തില്‍ റോഡ് ലെവലില്‍ സ്ഥലം ഉയര്‍ത്തിയാണ് സബ് സ്‌റ്റേഷന്‍ നിര്‍മ്മാണം നടത്തിയത്. ടവര്‍ ലൈന്‍ ഇതിന് സമീപത്തുകൂടി കടന്നുപോകുന്നതിനാല്‍ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനും സാധിച്ചു.
ജില്ലാ കോടതിയുള്‍പ്പെടെ നിരവധി കോടതികളും എഞ്ചിനീയറിംഗ് കോളജ്, പോളിടെക്‌നിക്ക് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്വകാര്യമേഖലകളിലെ നിരവധി ഹോസ്റ്റലുകള്‍, വ്യവസായവകുപ്പിന്റെ കീഴിലുള്ള വ്യവസായപ്ലോട്ട്, വിവിധ ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, പണി പൂര്‍ത്തിയായി വരുന്ന ജില്ലാ ജയില്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന മുട്ടത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് സബ് സ്‌റ്റേഷന്റെ വരവോടെ ശാശ്വത പരിഹാരമാകും. കാറ്റടിച്ചാല്‍ മുട്ടത്തെ വൈദ്യുതി ബന്ധം നിലയ്ക്കുന്ന അവസ്ഥയായിരുന്നു. വൈദ്യുതി പുനസ്ഥാപിക്കണമെങ്കില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമായിരുന്നു. റബ്ബര്‍ തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട മുട്ടം പ്രദേശത്ത് ലൈനുകളില്‍ മരച്ചില്ലകള്‍ തട്ടി വൈദ്യുതി തടസം പതിവാണ്. 15 കിലോമീറ്റര്‍ അകലെ നിന്നുവേണം ഇവിടുത്തെ തകരാറുകള്‍ പരിഹരിക്കുന്നതിനു ജീവനക്കാരെത്തേണ്ടത്.
ഇതുമൂലം വൈദ്യുതി തടസമുണ്ടായാല്‍ മണിക്കൂറുകള്‍ക്കു ശേഷമായിരിക്കും തകരാറുകള്‍ പരിഹരിക്കുക. ഇതിന് ശ്വാശ്വത പരിഹാരം മുട്ടത്ത് പുതിയ സെക്ഷനോഫീസ് പ്രവര്‍ത്തനം ആരംഭിക്കുക എന്നതാണ്. ഒരു സെക്ഷനു കീഴില്‍ വരേണ്ട പ്രദേശത്തിന്റെ ചുറ്റളവ് 10 ച.കി.മീറ്ററും 10,000 ഉപഭോക്താക്കളുമാണ്. എന്നാല്‍, ഇവിടെ 130 ച.കി.മീറ്ററിലധികം വിസ്തീര്‍ണ്ണവും 17,000 ത്തിലധികം ഉപഭോക്താക്കളും  ഉണ്ട്. മൂലമറ്റം സെക്ഷന്‍ വിഭജിക്കുകയാണെങ്കില്‍ മുട്ടം, കുടയത്തൂര്‍, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനാകും. തകരാറുകള്‍ ഉണ്ടായാല്‍ മൂലമറ്റത്തു നിന്നുമാണ് മുട്ടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ലൈന്‍മാന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എത്തുന്നത്.

RELATED STORIES

Share it
Top