മുടികൊഴിച്ചില്‍ മാറ്റുവാന്‍ ഭൃംഗരാജ് - എന്താണെന്നറിയുമ്പോഴല്ലേ...

hAIR-LOSS

മുടിവളരാനുള്ള ക്രീമുകളുടെയും ഹെര്‍ബല്‍ ഷാംപുവിന്റെയും തൈലങ്ങളുടെയുമെല്ലാം പരസ്യം പതിവായി ശ്രദ്ധിക്കുന്നവര്‍ തീര്‍ച്ചയായും ഇത്തരം മരുന്നുകളിലെ പ്രധാന ഘടകമായ ഭൃംഗരാജിനെക്കുറിച്ച് കേള്‍ക്കാതിരിക്കില്ല. എന്തിനധികം പറയണം, ചുക്കില്ലാത്ത കഷായമില്ല എന്നു പറയുന്നതുപോലെ ഭൃംഗരാജില്ലാത്ത കേശതൈലമില്ല എന്നാണ് സ്ഥിതി.
എന്നാല്‍ എന്താണീ ഭൃംഗരാജ് എന്നറിയുന്നവര്‍ ചുരുക്കമാണ്.  ഹിമാലയത്തിലോ മറ്റോ ഉള്ള എന്തോ അത്യപൂര്‍വമായ പൂവോ കായോ വേരോ മറ്റോ ആണെന്നാണ് പരസ്യം കാണുന്നവര്‍ കരുതുക.
മുടിവരാനുള്ള അത്യപൂര്‍വമായ ഒറ്റമൂലിയാണെന്ന് കരുതുന്ന പലരും തീവിലകൊടുത്ത് ഈ തൈലവും ഷാംപൂവും വാങ്ങിക്കുന്നതിനാല്‍ 'ഭൃംഗരാജ് ചേര്‍ത്ത പരസ്യ'ത്തിന് നല്ല ഫലമുണ്ടെന്ന്  ഉല്‍പ്പന്ന നിര്‍മാതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
സത്യത്തില്‍ എന്താണ് ഈ ഭൃംഗരാജ് എന്നറിഞ്ഞാല്‍ പലരും, പ്രത്യേകിച്ചും നാട്ടിന്‍പുറത്തുള്ളവര്‍ ഞെട്ടും. കഞ്ഞണ്ണ,  കഞ്ഞുണ്ണ, കയ്യുണ്യം, കയ്യോന്നി കരിയലാങ്കണ്ണി, എന്നിങ്ങനെയെല്ലാം നമ്മുടെ നാട്ടില്‍ വിളിക്കുന്ന, വയല്‍ക്കരയിലും തോട്ടിനരികിലുമൊക്കെ കാണുന്ന ചെടിയാണ് ഭൃംഗരാജ് എന്ന രാജകീയമായ പേരില്‍ ഷാംപൂവിലും ഹെയര്‍ഓയിലുകളിലുമെല്ലാം വിലസുന്നത്.

Bringaraj-full നീലിഭൃംഗാദി, ഭൃംഗാമലകാദി, കയ്യുണ്യാദി തുടങ്ങിയ കേശവര്‍ധക തൈലങ്ങളിലെല്ലാം പ്രധാന ചേരുവയാണിത്.

ആധുനികശാസ്ത്രവും ഈ അല്‍ഭുതസസ്യത്തെ അംഗീകരിച്ചുവരികയാണിന്ന്. ഇതിന്റെ ഇലയില്‍ അടങ്ങിയിട്ടുള്ള എക്ലിപ്‌റ്റൈന്‍ എന്ന രാസഘടകം- ആല്‍കലോയ്ഡ് ആണ് മുടികൊഴിച്ചിലിനെ തടയുന്നത്. ചെടിയിലെ ചില ഘടകങ്ങള്‍ രോമം വളര്‍ത്താനുള്ള ശേഷിയുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രോമം ഷേവ് ചെയ്ത എലികളില്‍ രോമവളര്‍ച്ചയ്ക്കാവശ്യമായ സമയം പകുതിയായി കുറയ്്ക്കാന്‍ ഈ ഘടകങ്ങള്‍ക്ക് കഴിഞ്ഞതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തമിഴില്‍ കൈകേപ്പി എന്നാണ് പേര്. സംസ്‌കൃതത്തില്‍ കേശരാജ, കുന്തളവര്‍ധന ഭൃംഗരാജ് എന്നിങ്ങനെയെല്ലാം പേരുകളുണ്ട്. ഇംഗ്ലീഷിലെ പേരാണ് രസകരം. ഫാള്‍സ്  ഡെയ്‌സി. വ്യാജഡെയ്‌സി എന്നര്‍ഥം. ഉദ്യാനസസ്യമായ ഡെയ്‌സിയോട് നല്ല സാദൃശ്യമുണ്ട് കയ്യോന്നിയുടെ പൂവ് എന്നതിനാലാണ് ഈ പേര്്് .

bhringaraj-full
ആയുര്‍വേദത്തില്‍ തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീര്‍ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീര്‍ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കല്‍ക്കമാക്കി ചേര്‍ത്ത്  വിധി പ്രകാരം കാച്ചി എടുത്ത എണ്ണ തലയില്‍ പുരട്ടുന്നത് മുടിവളരാന്‍ സഹായിക്കും എന്ന് വിവിധ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു.
ആഗോളതാപനവും ജീവിതശൈലിയിലെ മാറ്റങ്ങളും ടെന്‍ഷനും പ്രവാസജീവിതവുമൊക്കെച്ചേര്‍ന്ന് ആളുകളുടെ തലമുടി കൊഴിച്ചുകളയുന്ന ഇന്നത്തെക്കാലത്ത് മുടിവളരാനുള്ള ഔഷധത്തിന് എന്തു മാത്രം ആവശ്യക്കാരുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തില്‍ വലിയ വാണിജ്യപ്രാധാന്യമുള്ള സസ്യമാണെങ്കിലും ഇതിന്റെ കൃഷി കേരളത്തില്‍ ആരും കാര്യമായിട്ടെടുത്തിട്ടില്ല. വയലുകളില്‍ നിന്നും പറിച്ചെടുക്കുന്നവയും അന്യസംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നുമൊക്കെയാണ് മരുന്നുകമ്പനിക്കാര്‍ ഇത് ലഭ്യമാക്കുന്നത്.

RELATED STORIES

Share it
Top