മുജാഹിദ് വിഭാഗത്തിലെ പിളര്‍പ്പ് പൂര്‍ണം

ആബിദ്
കോഴിക്കോട്: കേരളത്തിലെ മുജാഹിദ് വിഭാഗത്തിന്റെ പ്രബല സംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീനിലെ പിളര്‍പ്പ് പൂര്‍ണമായി. നേരത്തേ ഡോ. ഹുസയ്ന്‍ മടവൂര്‍ നേതൃത്വം നല്‍കിയിരുന്ന വിഭാഗത്തിന്റെ പ്രസിഡന്റായിരുന്ന ഉമര്‍ സുല്ലമി തന്നെയാണ് കെഎന്‍എം (മര്‍കസുദ്ദഅ്‌വ) എന്ന പേരില്‍ രൂപീകരിക്കപ്പെട്ട പുതിയ സംഘടനയുടെയും പ്രസിഡന്റ്്. ഹുസയ്ന്‍ മടവൂര്‍ ഒഴികെ മിക്ക നേതാക്കളും പുതിയ സംഘടനയിലുണ്ട്.
സംഘടനയുടെ സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട്ട് കേരള ഇസ്‌ലാമിക് സ്‌കോളേഴ്‌സ് മീറ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. 2002ലെ പിളര്‍പ്പിനുള്ള കാരണങ്ങളിലൊന്നായിരുന്ന ജിന്ന് വിവാദം പുതിയ പിളര്‍പ്പിനും കാരണമായെന്നാണ് ഇന്നലത്തെ ഉമര്‍ സുല്ലമിയുടെ പ്രസംഗം സൂചിപ്പിക്കുന്നത്. മാരണം, പിശാചുബാധ, ജിന്ന് ചികില്‍സ തുടങ്ങിയ അന്ധവിശ്വാസങ്ങളില്‍ നിന്നു മുസ്‌ലിം സമൂഹത്തെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ നവോത്ഥാനപ്രസ്ഥാനങ്ങള്‍ പോലും മാരണംപോലുള്ള അന്ധവിശ്വാസങ്ങളുടെ പ്രചാരണം ഏറ്റെടുക്കുന്നത് കടുത്ത അപരാധമാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുവര്‍ഷമായി ഇരുവിഭാഗങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറില്‍ കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. അന്ന് സംസ്ഥാന സെക്രട്ടറിപദവി രാജിവച്ച അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കലിന്റെ നേതൃത്വത്തില്‍ പഴയ മര്‍കസുദ്ദഅ്‌വാ വിഭാഗം പുനരുജ്ജീവിപ്പിച്ച് സമാന്തര പ്രവര്‍ത്തനവും തുടങ്ങി. വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളും വിഭാഗീയതയ്ക്ക് ആക്കംകൂട്ടി.
മുജാഹിദ് പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന സി പി ഉമര്‍ സുല്ലമിയെയും അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയെയും ഈയടുത്ത് സ്ഥാനങ്ങളില്‍ നിന്നു നീക്കിയതോടെ പിളര്‍പ്പ് ഏറക്കുറേ പൂര്‍ണമായി. പാലക്കാട് കരുണ മെഡിക്കല്‍ കോളജ് ട്രസ്റ്റ് പ്രസിഡന്റായ കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവിക്കെതിരേയും മറ്റും പരസ്യനിലപാട് കൈക്കൊണ്ടതും വിഭാഗീയപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആക്ഷേപവുമായിരുന്നു നടപടിക്കു കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. സംഘടനാതലത്തില്‍ ഭിന്നത രൂക്ഷമാവുമെന്ന ഘട്ടം വന്നതോടെ ഉമര്‍ സുല്ലമിയെ പുറത്താക്കാന്‍ കെഎന്‍എം നിര്‍വാഹകസമിതി തീരുമാനമെടുത്തിട്ടില്ലെന്നും കെജെയു തീരുമാനപ്രകാരമാണ് അദ്ദേഹത്തെ നീക്കിയതെന്നുമുള്ള വിശദീകരണവുമായി കെഎന്‍എം രംഗത്തുവന്നിരുന്നു. എന്നാല്‍, ഈ വിശദീകരണങ്ങള്‍ക്കൊന്നും സംഘടനയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല.
അബ്ദുല്‍ അലി മദനിയാണ് പുതിയ ജനറല്‍ സെക്രട്ടറി. അഹ്മദ്കുട്ടി മദനി എടവണ്ണ, കെ പി സക്കരിയ്യ, അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, അലി മദനി മൊറയൂര്‍ തുടങ്ങിയവരാണ് മറ്റു ഭാരവാഹികള്‍. പോഷകസംഘടനകളായ ഐഎസ്എം, എംജിഎം, എംഎസ്എം എന്നിവയുടെ ഭൂരിഭാഗം നേതാക്കളും മര്‍കസുദ്ദഅ്‌വയ്‌ക്കൊപ്പമാണ്. സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏരിയാതലത്തില്‍ ലീഡേഴ്‌സ് അസംബ്ലികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബറോടു കൂടി ഈ സംഘടനകളുടെ പുതിയ ഭാരവാഹികള്‍ നിലവില്‍ വരും. ഇതോടു കൂടി മാത്രമേ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളു.

RELATED STORIES

Share it
Top