മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥ: സര്‍ക്കാര്‍ പദ്ധതികള്‍ പാതിവഴിയില്‍ തന്നെ

തൃശൂര്‍: ഓരോ മുങ്ങിമരണങ്ങള്‍ സംഭവിക്കുമ്പോഴും ആവര്‍ത്തിക്കാതിരിക്കാന്‍ നിരവധി പദ്ധതികള്‍ക്കും സംവിധാനങ്ങള്‍ക്കും അധികൃതര്‍ ആരംഭം കുറിക്കുമെങ്കിലും എല്ലാം പാതിവഴിയില്‍ നിലയ്ക്കുന്നത് പതിവാകുന്നത് അപകടങ്ങളും പതിവാക്കുന്നു.
സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാത്രം മുങ്ങിമരിച്ചത് 1,508 പേരാണ്. കഴിഞ്ഞദിവസം കുന്നംകുളം അഞ്ഞൂരിലാണ് വിഷുദിനത്തില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ വീണ്ടും പഴയതെല്ലാം പൊടിതട്ടിയെടുത്ത് തനിയാവര്‍ത്തനംപോലെ വീണ്ടും ചിലപ്രഖ്യാപനങ്ങള്‍ നടത്തി കാര്യങ്ങള്‍ ഒതുക്കും. സംസ്ഥാനത്ത് മുങ്ങിമരണങ്ങ ള്‍ കണക്കില്ലാതെ ആവര്‍ത്തിച്ചപ്പോഴാണ് 2012 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഒരു നീന്തല്‍ക്കുളം പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പദ്ധതി തുടങ്ങിയിടത്ത് തന്നെ അവസാനിക്കുകയായിരുന്നു.
2011 ല്‍ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പഠനമെന്ന ആശയം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പഠനത്തോടൊപ്പം കായികക്ഷമത എന്ന ലക്ഷ്യംവെച്ചായിരുന്നു പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഈ പദ്ധതിയും പാതിവഴിയില്‍ നിലച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നീന്തല്‍കുളം പദ്ധതി വിഭാവനം ചെയ്‌തെങ്കിലും സ്‌കൂളുകള്‍ക്ക് പണമില്ലാത്തതിനാല്‍ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു.
മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയും ഫയര്‍ഫോഴ്‌സും നിരവധി നിര്‍ദ്ദേശങ്ങളാണ് പൊതുജനങ്ങള്‍ക്കായി നല്‍കാറുള്ളത്. ജലാശയങ്ങളില്‍ കുളിക്കാന്‍പോകുമ്പോള്‍ നീന്തല്‍വശമുള്ളരെകൂടെ കൂട്ടണമെന്നാണ് പ്രധാന നിര്‍ദ്ദേശം. മുതിര്‍ന്നവര്‍ കൂടെയില്ലാതെ കുട്ടികള്‍ യാതൊരു കരാണവശാലും ജലാശയങ്ങളിലേക്ക് കുളിക്കാന്‍ പോകരുത്, വെള്ളത്തിലേക്ക് ഒരിക്കലും എടുത്ത് ചാടരുത്, ചെളിയില്‍ താഴ്ന്നുപോകാന്‍ സാഹചര്യമുള്ളതിനാലാണിത്.
കൂട്ടമായി കുളിക്കുന്നതിനിടെ ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ ഒരിക്കലും  ൈകകൊണ്ട് പിടിക്കാന്‍ ശ്രമിക്കാതെ മുണ്ടോ കയറോ ഇട്ടുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കണം. വൈകുന്നേരങ്ങളില്‍ ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക, മദ്യപിച്ചോ മറ്റ് ലഹരി പദ്ധാര്‍ഥങ്ങളോ കഴിച്ചോ കുളത്തിലോ മറ്റു ജലാശങ്ങളിലോ ഇറങ്ങരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദശിക്കുന്നു.

RELATED STORIES

Share it
Top