മുഖ്യ പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; പോലിസ് വെളിപ്പെടുത്തിയ വാദങ്ങള്‍ പൊളിയുന്നു

വടകര: കല്ല്യാണ വീടുകളിലെ വിവാഹ ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി ബിബീഷിനെ ഇന്ന് പോലിസ് കസ്റ്റഡിയില്‍ വാങ്ങും. നിരവധി സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനും, മോര്‍ഫ് ചെയ്ത വിവരങ്ങള്‍ കൂടുല്‍ അറിയാനും വേണ്ടിയാണ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. അതേസമയം പ്രതിയെ പിടികൂടിയ ബുധനാഴ്ച റൂറല്‍ എസ്പി ഉയര്‍ത്തിയ വാദങ്ങളും, നാട്ടുകാരുടെ വാദവും രണ്ടു വഴിക്ക് തന്നെ നീങ്ങുകയാണ്.
കോടതിയില്‍ പോലിസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിരത്തിയ എസ്പി യുടെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമായാണ് കാണുന്നത്. ഈ കേസിലെ ഒന്നാം പ്രതി കക്കട്ടില്‍ ചീക്കോന്ന് വെസ്റ്റിലെ കൈവേലിക്കല്‍ ബിബീഷിനെ(35) അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റൂറല്‍ എസ്പി ഉയര്‍ത്തിയ വാദങ്ങളാണ് പൊളിയുന്നത്.
പ്രതികളുടേതായ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും കണ്ടെത്തിയ മോര്‍ഫ് ചെയ്ത അഞ്ച് ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ നിന്നും ലഭിച്ചതാണെന്നായിരുന്നു എസ്പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് ഇതില്‍ നിന്നും വ്യത്യസ്തമാണ്. 2015 നവംബര്‍ 9ന് നടന്ന കല്യാണ വീട്ടില്‍ വച്ച് വീഡിയോയിലും, ഫോട്ടോയിലും എടുത്തതായ ചിത്രങ്ങള്‍ വടകര സദയം സ്റ്റുഡിയോവിലെ വീഡിയോ എഡിറ്ററായ പ്രതി അന്യായക്കാരികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച് മാനഹാനി വരുത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. മാത്രമല്ല മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് സാക്ഷികളായ സ്ത്രീകളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും, പ്രതികള്‍ക്കെതിരെ പ്രദേശത്ത് നിരവധി പ്രക്ഷോഭങ്ങളും, പ്രതികരണങ്ങളും നടക്കുന്നുണ്ടെന്നും, പ്രതിയുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥയായ സി ഭാനുമതി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ തുടക്കം മുതലെ പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങളും പൊലീസിന്റെ ഭാഗത്തെ വിശദീകരണവും രണ്ട് വഴിക്കാണ് നീങ്ങിയത്. 45000 ഫോട്ടോസ് ഉണ്ടെന്നായിരുന്നു പ്രദേശവാസികളും, പരാതിക്കാരും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും ആരോപിച്ചത്. എന്നാല്‍ പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ വെറും 2000 ഫോട്ടോസ് മാത്രമെ ഉള്ളുവെന്നാണ് പൊലീസ് പറഞ്ഞത്.
സംഭവം പുറത്ത് വന്നതോടെ നിരവധി പരാതികള്‍ പൊലീസ് നല്‍കാനായി പ്രദേശവാസികള്‍ വന്നിരുന്നു. എന്നാല്‍ വെറും ഒരു പരാതി മാത്രമെ പൊലീസ് സ്വീകരിച്ചിട്ടുള്ളുവെന്നും മറ്റുള്ളവര്‍ ഈ പരാതിന്‍മേല്‍ കക്ഷി ചേര്‍ന്നാല്‍ മതിയെന്നുമായിരുന്നു പോലിസ് പറഞ്ഞതെന്നാണ് പരാതിക്കാര്‍ പറഞ്ഞത്. കേസില്‍ ആദ്യം പീടികൂടിയ രണ്ട് മൂന്നും പ്രതികളായ സ്റ്റുഡിയോ ഉടമകളെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ പ്രതികളെ ഇന്നലെ കോടതിയില്‍ തിരികെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top