മുഖ്യമന്ത്രി ശാസിച്ചിട്ടും കേള്‍ക്കാത്തവര്‍ക്കെതിരേ ഡിജിപി നടപടി സ്വീകരിക്കണം

കൊച്ചി: പോലിസുകാരുടെ അതിക്രമം വര്‍ധിച്ചുവരുകയാണെന്നും മുഖ്യമന്ത്രി ശാസിച്ചിട്ടുപോലും കേള്‍ക്കാത്ത സാഹചര്യമാണുള്ളതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ്. ഇത്തരം പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലിസ് ആക്ടിന്റെ 86ാം വകുപ്പ് പ്രകാരം ഡിജിപിക്ക് നിര്‍ദേശം നല്‍കാവുന്നതാണ്. നിയമം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാവണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ നഗ്നനാക്കി ലോക്കപ്പ് മര്‍ദനത്തിനിരയാക്കിയത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പോലിസിനു നിയമാനുസൃതം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാം; അല്ലാതെ ഇത്തരത്തില്‍ മര്‍ദിക്കുകയല്ല വേണ്ടത്.
യുവാവിനെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം. മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോഹനദാസ് പറഞ്ഞു.
തൃശൂരില്‍ യുവതി ഭര്‍ത്തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃവീട്ടുകാര്‍ക്കുമെതിരേ കേസെടുക്കണമെന്ന് ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
304-ബി വകുപ്പ് പ്രകാരം വലിയ കുറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

RELATED STORIES

Share it
Top