മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചു, വിഎസിന്റെ ശമ്പളക്കാര്യം 'ശരിയായി'തിരുവനന്തപുരം: ഒടുവില്‍ വിഎസിന്റെ ശമ്പളക്കാര്യം പിണറായി സര്‍ക്കാര്‍ ശരിയാക്കി. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചതോടെ സ്ഥാനമേറ്റെടുത്ത് ഒമ്പതുമാസങ്ങള്‍ക്കു ശേഷമാണെങ്കിലും ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ചെയര്‍മാനെന്ന നിലയ്ക്ക് വിഎസ് അച്യുതാനന്ദന് ശമ്പളം കിട്ടിത്തുടങ്ങും.
കാബിനറ്റ് റാങ്കുള്ള വിഎസ്സിന് മന്ത്രിമാര്‍ക്ക് തുല്യമായ ശമ്പളമാണ് ലഭിക്കുക. ചുമതലയേറ്റ് ഒമ്പതുമാസമായിട്ടും വിഎസ്സിനും ഭരണപരിഷ്‌കാര കമ്മീഷനിലെ അംഗങ്ങള്‍ക്കും ഇതുവരെ ശമ്പളം ലഭിച്ചില്ലെന്നതു ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചതു ചര്‍ച്ചയായതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തിരക്കിട്ടുള്ള തീരുമാനം. വിഎസിന്റെ ശമ്പളം, അലവന്‍സുകള്‍ തുടങ്ങി എന്തെല്ലാം സൗകര്യങ്ങളാണ് അനുവദിച്ചതെന്ന റോജി എം ജോണിന്റെ ചോദ്യത്തിന് കാബിനറ്റ് പദവിയും സ്ഥാനവും നല്‍കിയിട്ടുണ്ടെന്നും വിഎസിന്റെ ശമ്പളം, മറ്റാനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് തീരുമാനമായില്ലെന്നും പരിശോധിച്ച് വരികയാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. തൊട്ടുപിന്നാലെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. വിഎസ്സിനെ കൂടാതെ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അംഗങ്ങളുടെ ആനുകൂല്യ വിഷയവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ ശമ്പളം ഇതുവരെ ശരിയായിട്ടില്ല.
ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്റെ ശമ്പളം, അലവന്‍സുകള്‍ തുടങ്ങി എന്തെല്ലാം സൗകര്യങ്ങളാണ് അനുവദിച്ചതെന്നും ഇതിനായി ഇതുവരെ എത്ര രൂപ ചിലവായെന്നുമാണ് റോജി എം ജോണ്‍ ചോദിച്ചത്.

അതേസമയം, വിഎസിനെ പോലെ കാബിനറ്റ് പദവിയുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും കൈപ്പറ്റിയ ശമ്പളവും യാത്രാപ്പടിയും അടക്കമുള്ള ചെലവുകളുടെ കണക്കുകള്‍ പിണറായി സഭയെ അറിയിച്ചു. പിണറായി വിജയന്‍ ശമ്പളയിനത്തില്‍ കൈപ്പറ്റിയത് 3,48236 രൂപയാണ്. അതിഥി സല്‍ക്കാരത്തില്‍ മുന്നില്‍ മുഖ്യമന്ത്രിയാണ്- 15.19 ലക്ഷം. മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി സല്‍കാരത്തിന് ആകെ ചെലവിട്ടത് 36.70 ലക്ഷമാണ്. ഫോണ്‍വിളിക്ക് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് മന്ത്രി എ കെ ബാലനാണ്- 1,60200 രൂപ. മുഖ്യമന്ത്രി 1,59581 രൂപ ചെലവഴിച്ചു. യാത്രാപ്പടി വാങ്ങിയതില്‍ മുന്നില്‍ മന്ത്രി പി തിലോത്തമനാണ്- 6,42692 രൂപ.
കഴിഞ്ഞ ആഗസ്ത് 16നാണ് വിഎസ് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി  ചുമതലയേറ്റത്. കമ്മിഷന്‍ അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ സ്ഥാനവും പദവിയും നല്‍കിയിട്ടുണ്ട്. മറ്റാനുകൂല്യങ്ങള്‍ സംബന്ധിച്ച വിഷയം സര്‍ക്കാരിന്റെ പരിഗണയിലാണെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്.

RELATED STORIES

Share it
Top