മുഖ്യമന്ത്രി പങ്കെടുത്ത പൗരപ്രമുഖരുടെ യോഗം; മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

കാഞ്ഞങ്ങാട്: സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്ത് ജില്ലയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാഞ്ഞങ്ങാട് വിളിച്ചു ചേര്‍ത്ത പൗര പ്രമുഖരുടെ യോഗത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. ഇന്നലെ രാവിലെ കാഞ്ഞങ്ങാടാണ് സംഭവം. സിപിഎം ജില്ലാ കമ്മിറ്റി ക്ഷണിച്ചതിനെ തുടര്‍ന്ന് വിവിധ തുറകളില്‍ നിന്നുള്ള നാനൂറോളം പൗരപ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യൂമന്ത്രിയും കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനും കൂടി പുറത്താക്കിയത്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പൗരപ്രമുഖരുടെയും ബിസിനസ്സുകാരുടെയും മറ്റും മുഖാമുഖം സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞശേഷം റവന്യൂ മന്ത്രി അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അധ്യക്ഷനായ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്ത് കടക്കാന്‍ മൈക്കിലൂടെ അറിയിച്ചത്.
എന്നാല്‍, എഴുന്നേറ്റു പോവാന്‍ തയ്യാറാവാത്ത മാധ്യമ പ്രവര്‍ത്തകരോട് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ വേദിയില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ ഹാളില്‍നിന്നും പുറത്തുപോവാന്‍ തയ്യാറാവാതെ വന്നപ്പോള്‍ റവന്യൂമന്ത്രി ഇടപെട്ട് പുറത്തു പോവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അതേസമയം സിപിഎം അനുകൂലികളായ പത്രപ്രവര്‍ത്തകര്‍ യോഗഹാളില്‍ തന്നെ ഇരിക്കുകയും ചെയ്തു. മലയോര തീരദേശ മേഖലകളിലെ ജമാഅത്ത്-ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, വ്യാപാര പ്രമുഖര്‍, ഡോക്ടര്‍മാര്‍, ലയണ്‍സ്-റോട്ടറി ക്ലബ് ഭാരവാഹികള്‍ തുടങ്ങി നിരവധി പേരെയാണ് പരിപാടിക്ക് ക്ഷണിച്ചിരുന്നത്.

RELATED STORIES

Share it
Top