മുഖ്യമന്ത്രി ആഭ്യന്തരമൊഴിയണം: രമേശ് ചെന്നിത്തല

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയാന്‍ തയ്യറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതാണ് സര്‍ക്കാരിന് ഉചിതമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥനത്ത് വ്യാപകമായ അക്രമവും കൊലപാതകവും ദിനംപ്രതി വര്‍ധിക്കുമ്പോഴും പോലിസ് നോക്കുകുത്തിയാവുന്നു. 32 വകുപ്പുകളാണ് നിലവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. ഇത്രയും വകുപ്പുകള്‍ എങ്ങനെ ഒരു മുഖ്യമന്ത്രിക്കു നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ ക്രൂരമായ അക്രമങ്ങളാണ് നടക്കുന്നത്. അക്രമം തടയേണ്ട പോലിസ് അക്രമികള്‍ക്ക് സഹായം ചെയ്യുന്നു. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവമാണ് രാഷ്ട്രിയ അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
മികച്ച ഒരു പോലിസ് സേനയാണ് നമുക്കുള്ളതെങ്കിലും അവയെ ഫലപ്രദമായി വിനിയോഗിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പാര്‍ട്ടി ഇടപെടലുകള്‍മൂലം യഥാര്‍ഥ പ്രതികളെ പിടിക്കാന്‍ കഴിയാതെ പോലിസ് നിസ്സഹായരാവുന്നു. അക്രമങ്ങളില്‍ ഡമ്മി പ്രതികളെയാണ് പോലിസ് പിടിക്കുന്നത്. ഇതുമൂലമാണ് അക്രമം തടയാന്‍ കഴിയാത്തത്. മുഖംനോക്കാതെ അക്രമകാരികളെ അടിച്ചമര്‍ത്താന്‍ കഴിയാത്തത് പോലിസിന്റെ കഴിവുകേടാണെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top