മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമം

കൊട്ടാരക്കര (കൊല്ലം): മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലേക്ക്  അപകടകരമാംവിധം കാറില്‍ പിന്തുടര്‍ന്ന് അമിതവേഗത്തില്‍ ഇടിച്ചുകയറാന്‍ ശ്രമിച്ച മൂന്നു യുവാക്കളെ കൊട്ടാരക്കര പോലിസ് പിടികൂടി. വാളകം വിളയില്‍ പുത്ത ന്‍വീട്ടില്‍ സജി ജോണ്‍ (42), വാളകം വാലികോട് വീട്ടില്‍ അഭിലാഷ് (35), വാളകം വട്ടക്കാട്ട് കുന്നില്‍ വീട്ടില്‍ ജിബിന്‍ (25) എന്നിവരെയാണ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. എംസി റോഡ് വഴി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന  മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെയാണ് കൊട്ടാരക്കര പനവേലി ഭാഗത്തുവച്ച് ആഡംബര കാറില്‍ എത്തിയ യുവാക്കള്‍ അപകടകരമാം വിധത്തില്‍ കാറി ല്‍ പിന്തുടര്‍ന്നത്. മുഖ്യമന്ത്രിയുടെ രണ്ട് പൈലറ്റ് വാഹനങ്ങളെയും മറികടന്ന് മുഖ്യമന്ത്രിയുടെ കാറിന്റെ തൊട്ടുപിറകില്‍ അപകടകരമായ നിലയില്‍ കാറോടിച്ചുകയറ്റുകയായിരുന്നു.
പിടിയിലായവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലിസ് പറഞ്ഞു. കാറില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നതായും പറയുന്നു. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top