മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്; സംഘര്‍ഷാവസ്ഥ

തലശേരി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹരജി പോവാതെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ.
ഇന്നലെ രാവിലെ 11ഓടെ മമ്പറം ടൗണില്‍ നിന്ന് പുറപ്പെട്ട മാര്‍ച്ച് മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിയുടെ ഒന്നര കിലോമീറ്റര്‍ അകലെ പടിഞ്ഞാറ്റേ മുറിക്കടുത്ത് പോലിസ് തടഞ്ഞു.
പോലിസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലിസുമായി വാക്കേറ്റവും ഉന്തും തള്ളും നടത്തി. പോലിസ് സംയമനം പാലിച്ചതിനാലാണു സംഘര്‍ഷം ഒഴിവായത്. തലശ്ശേരി എഎസ്പി ചൈത്രാ തെരേസാ ജോണ്‍, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഇരിട്ടി സിഐ ജോഷി ജോസഫ്, തലശ്ശേരി സിഐ എം പി ആസാദ്, തീരദേശ പോലിസ് സിഐ എ കുട്ടിക്കൃഷ്ണണന്‍ എന്നിവരുടെ നേതൃത്തില്‍ വന്‍ പോലിസ് സംഘമാണ് മാര്‍ച്ച് നേരിടാനുണ്ടായിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരേ രൂക്ഷമായ ഭാഷയിലാണ് സമരക്കാര്‍ മുദ്രാവാക്യം വിളിച്ചത്. സംസ്ഥാന സെക്രട്ടറി ബിജു എളക്കുഴി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനില്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top