മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്ഷീര കര്‍ഷകര്‍

ഹരിപ്പാട്: രൂക്ഷമായ പ്രതിസന്ധി നേരിടുന്ന  ക്ഷീരമേഖലയില്‍  മുഖ്യമന്ത്രിയുടെ  പ്രഖ്യാപനത്തില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ്  സംസ്ഥാനത്തെ  ഒന്നര ലക്ഷത്തോളം  വരുന്ന ക്ഷീര കര്‍ഷകര്‍.  ക്ഷീര കര്‍ഷകനും കുടുംബത്തിനും  കറവ മൃഗങ്ങള്‍ക്കും സമ്പൂര്‍ണ്ണ  ഇന്‍ഷുറന്‍സ്  പരിരക്ഷ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ക്ഷീര കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നത്.
വടകരയില്‍ ക്ഷീര കര്‍ഷക സംഗമം പ്രതിനിധി സമ്മേളനത്തിലാണ്  കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന  പ്രഖ്യാപനം നടന്നത്. നിലവില്‍ ക്ഷീര മൃഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപനത്തിലുണ്ടെങ്കിലും  കാര്യക്ഷമമല്ല.  കറവ മൃഗങ്ങള്‍ ചത്താല്‍ കര്‍ഷകനേയും ചത്ത  കറവ മൃഗത്തേയും ചേര്‍ത്ത് ഫോട്ടോയെടുത്ത് മൃഗാശുപത്രികളില്‍ സമര്‍പ്പിക്കും. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരവധി കാരണങ്ങള്‍ നിരത്തി പരിരക്ഷാ തുക നല്‍കാതിരിക്കാനാണ് പരമാവധി ശ്രമിക്കുന്നത്.  മാത്രമല്ല കൊടുത്താല്‍ തന്നെ മൃഗത്തിന്റെ വില ലഭിക്കാറുമില്ല. അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിച്ചതോടെ  ക്രമാതീതമായി പാലുല്‍പാദനം  കുറഞ്ഞു. കര്‍ഷകര്‍ക്ക് സഹകരണ സംഘങ്ങളില്‍ മതിയായ വില ലഭിക്കുന്നില്ല.  മില്‍മ  കാലിത്തീറ്റയുടെ സബ്‌സിഡി  നിര്‍ത്തലാക്കി. വൈക്കോലിനും തീറ്റപ്പുല്ലിനും കടുത്ത ക്ഷാമം. ഇത്തരം നിരവധി പ്രതിസന്ധിയിലൂടെയാണ് ക്ഷീര കര്‍ഷകര്‍ ജീവിതം തള്ളി നീക്കുന്നത്.
തീറ്റപ്പുല്ലുതേടി അലയുന്ന കര്‍ഷകരുടെ കാര്യവും  ദയനീയമാണ്. തരിശു പാടശേഖരങ്ങളില്‍ തീറ്റപ്പുല്ലിനിറങ്ങി  വൈദ്യുതാഘാതമേറ്റ് മരണപ്പെടുന്നവരുടെ എണ്ണം  നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. തീറ്റപുല്ല് അരിഞ്ഞെടുക്കാനിറങ്ങി എലിപ്പനി ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണവും കുറവല്ല.   ഇത്തരം കര്‍ഷകര്‍ക്ക്  പുതുതായ് പ്രഖ്യാപിച്ച ക്ഷീര കര്‍ഷക സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഏറെ ആശ്വാസകരമാകും.
ഓരോ സീസണിലും കറവ മൃഗങ്ങള്‍ക്ക് അനുഭവപ്പെടുന്ന കുളമ്പ് രോഗവും  അതിനെ പ്രതിരോധിക്കാന്‍ കര്‍ഷകനെടുക്കുന്ന അധ്വാനവും പ്രതിസന്ധി നിറഞ്ഞവയാണ്. രോഗ പ്രതിരോധ കുത്തിവയ്പ് എടുത്ത മൃഗങ്ങള്‍ക്കും  രോഗബാധയേല്‍ക്കുന്നു എന്നതും  കര്‍ഷകനെ വലയ്ക്കുന്നു.  വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷീര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയ ഒരു പ്രഖ്യാപനം  കേന്ദ്ര സര്‍ക്കാരില്‍ നിന്നും വന്നെങ്കിലും പ്രഖ്യാപനം ചുവപ്പു നാടയില്‍ കുടുങ്ങുകയായിരുന്നു.  ക്ഷീരകര്‍ഷക മേഖലയില്‍ പ്രതിദിനം പത്ത് ലിറ്റര്‍ പാലളക്കുകയോ രണ്ട് കറവ മൃഗങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍പെടുത്തി അത്തരം കടുംബങ്ങളെ സംരക്ഷിക്കുമെന്നായിരുന്നു  പ്രഖ്യാപനം.
വര്‍ഷം എത്രയോ പിന്നിട്ടിട്ടും പദ്ധതി വെട്ടം കണ്ടിട്ടില്ല. പാലുല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ ക്ഷീര കര്‍ഷകര്‍ക്ക് മതിയായ സംരക്ഷണം നല്‍കണം.  കുറഞ്ഞ വിലയില്‍ കാലിത്തീറ്റ ലഭ്യമാക്കണം. പാലിന് ന്യായമായ വില ലഭ്യമാക്കുകയും വേണം. പുതിയ  പ്രഖ്യാപനം കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

RELATED STORIES

Share it
Top