മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൊടുക്കാന്‍ പണമില്ല; പശുവിനെ നല്‍കി തമ്പിയും കുടുംബവും

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: പണമായി നല്‍കാന്‍ കൈയിലൊന്നുമില്ലാത്തതിനാല്‍ ദുരിതാശ്വാസ നിധിയിലേക്കു വളര്‍ത്തുപശുവിനെ നല്‍കി തമ്പിയും കുടുംബവും. വള്ളക്കടവ് മുളമൂട്ടില്‍ വീട്ടില്‍ തമ്പിയും ഭാര്യ ലില്ലിക്കുട്ടിയുമാണു തങ്ങളുടെ വളര്‍ത്തുമൃഗമായ അശ്വതി എന്ന പശുവിനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്. പശുവളര്‍ത്തലാണ് രണ്ടു മക്കളടക്കം നാലു പേരടങ്ങുന്ന ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗം. ഇവരുടെ മൂന്നു പശുക്കളില്‍ ഒന്നിനെയാണു ദുരിതബാധിതര്‍ക്കായി നല്‍കിയത്. കഴിഞ്ഞ മാസം പെരിയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് നദീതീരത്തെ ഇവരുടെ സ്ഥലവും പശുത്തൊഴുത്തും വില്‍ക്കാനായി സൂക്ഷിച്ച ചാണകപ്പൊടിയും ഒലിച്ചുപോയിരുന്നു. ദുരിതബാധിതര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് സ്വയം അനുഭവിച്ചതിനാലാണു കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓമനിച്ചു വളര്‍ത്തിയ വെച്ചൂര്‍ ഇനത്തില്‍പ്പെട്ട പശുവിനെ നല്‍കാന്‍ തയ്യാറായതെന്നു തമ്പി പറയുന്നു. തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളാണ് ഇരുവരും. നവകേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണവും മറ്റും നല്‍കുന്നതോടൊപ്പം ആലപ്പുഴ സ്വദേശിയായ ഒരാള്‍ തന്റെ പശുവിനെ ദുരിതാശ്വാസ നിധിയിലേക്കു നല്‍ കിയതു മാധ്യമങ്ങള്‍ വഴി ശ്രദ്ധയില്‍പ്പെട്ടതാണ് ഇവര്‍ക്കു പ്രചോദനമായത്. പണമായി നല്‍കാന്‍ വേണ്ടത്ര സാമ്പത്തിക സ്ഥിതിയില്ലാത്ത കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തങ്ങളാലാവുന്ന സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം പശുവിനെ നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്നു വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസിന് ഇവര്‍ പശുവിനെ കൈമാറി.

RELATED STORIES

Share it
Top